സ്വന്തം ലേഖകൻ
പാലക്കാട്: ഇരകൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കോളക്കമ്പനി പ്ലാച്ചിമടയിലെ ഭൂമി ഉപേക്ഷിക്കുന്നു. കോള ഫാക്ടറി നിലനിന്ന സ്ഥലവും കെട്ടിടങ്ങളും സർക്കാറിന് സൗജന്യമായി നൽകാൻ തയാറാണെന്ന് കാണിച്ച് ഉടമകളായ ഹിന്ദുസ്ഥാൻ കൊക്കക്കോള ലിമിറ്റഡ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതുപ്രകാരം ഈ ഭൂമിയും കെട്ടിടങ്ങളും ഏതുരീതിയിൽ ഉപയോഗപ്പെടുത്താനാകുമെന്ന് പരിശോധിക്കാൻ സർക്കാർ നിർദേശപ്രകാരം പാലക്കാട് കലക്ടറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. കോളക്കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരസമിതി വീണ്ടും സമരം ശക്തമാക്കുന്നതിനിടെയാണ് കമ്പനിയുടെ പുതിയ നീക്കം. 34.4 ഏക്കർ ഭൂമിയും 35,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറി കെട്ടിടങ്ങളുമാണ് ഇവിടെ കൊക്കക്കോള കമ്പനിക്കുള്ളത്. തദ്ദേശീയർക്കും കർഷകർക്കും പ്രയോജനപ്പെടുന്ന പദ്ധതികൾ ഇവിടെ കൊണ്ടുവരാനാകുമോയെന്നാണ് സർക്കാർ ആലോചന. ഭൂമി സൗജന്യമായി കൈമാറാൻ സന്നദ്ധതയറിയിച്ചുള്ള കമ്പനിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പ്ലാച്ചിമട ൈട്രബ്യൂണൽ ബില്ലുമായി ബന്ധപ്പെട്ട നിയമപരമായ വിഷയം വേറെയാണെന്നും അക്കാര്യം ഇതിൽ വരില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിലുള്ള ഏക ആസ്തി സർക്കാറിനെ ഏൽപിക്കാനുള്ള കമ്പനി നീക്കം നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽനിന്ന് തലയൂരാനാണെന്ന് സമരപ്രവർത്തകർ ആരോപിക്കുന്നു. വൻതോതിലുള്ള ജലമൂറ്റലിനും പാരിസ്ഥിതിക നാശങ്ങൾക്കുമെതിരെ ഉയർന്ന പ്രക്ഷോഭങ്ങളും നിയമനടപടികളുമാണ് 2004ൽ പ്ലാച്ചിമട കോള ഫാക്ടറിയുടെ അടച്ചുപൂട്ടലിൽ കലാശിച്ചത്. പ്ലാച്ചിമടയിലെ ജലചൂഷണം, മലിനീകരണം എന്നിവക്ക് നഷ്ടപരിഹാരമായി കോളക്കമ്പനി തദ്ദേശീയർക്ക് 216 കോടി രൂപ നൽകണമെന്ന് മുൻ സംസ്ഥാന അഡീ. ചീഫ് സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷനായ വിദഗ്ധ സമിതി നിർദേശിച്ചിരുന്നു. 2011 ഫെബ്രുവരി 24ന് സമിതി ശിപാർശ അംഗീകരിച്ച് പ്ലാച്ചിമട നഷ്ടപരിഹാര ൈട്രബ്യൂണൽ നിയമം കേരള നിയമസഭ പാസാക്കിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കാതെ തിരിച്ചയച്ചു. 2015ൽ സംസ്ഥാന സർക്കാറിന് ഇത്തരത്തിലൊരു നിയമം പാസാക്കാൻ അധികാരമില്ലെന്ന് കാണിച്ച് പ്ലാച്ചിമട ബിൽതന്നെ കേന്ദ്രസർക്കാർ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.