‘സമ്മേളനത്തിന് വന്നില്ലെങ്കിൽ പണിയില്ല’; തൊഴിലുറപ്പ് തൊഴിലാളികളെ സി.പി.എം ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചെന്ന് കോൺഗ്രസ്

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി സി.പി.എം ജില്ലാ സമ്മേളനത്തിൽ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് അടൂർ നഗരസഭാ സെക്രട്ടറിയെ കോൺഗ്രസ് ഉപരോധിച്ചു. സമ്മേളനത്തിന് എത്താത്ത തൊഴിലാളികൾക്ക് ഇനി തൊഴിൽ നൽകില്ലെന്ന് കൗൺസിലർ പറഞ്ഞതായി പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദമുയർന്നത്. അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു.

“സ്നേഹം നിറഞ്ഞ തൊഴിലുറപ്പ് അംഗങ്ങളേ, നാളെ തൊഴിലുറപ്പില്ല. മൂന്ന് മണിക്ക് കോന്നിയിൽ ഒരു സമ്മേളനമുണ്ട്. ഈ സമ്മേളനത്തിൽ വരുന്നവരെ മാത്രമേ പുതിയ പണിക്ക് പരിഗണിക്കൂവെന്നാണ് മെമ്പർ പറഞ്ഞിരിക്കുന്നത്. എല്ലാവരും പി.ഡബ്ല്യു.ഡി ഓഫിസിനടുത്തും മറിയ ഹോസ്പിറ്റലിനരികിലും വന്ന് നിൽക്കുക. അവിടെനിന്ന് ബസുണ്ട്.

കഴിഞ്ഞ ദിവസം പണിക്ക് വന്ന 17 പേരും നാളെ എത്തിയെങ്കിൽ മാത്രമേ പിന്നീട് പണിയുണ്ടാകൂ എന്നാണ് മെമ്പർ പറഞ്ഞത്. മെമ്പറുടെ സ്വഭാവം അറിയാമല്ലോ. എന്ത് തിരക്കുണ്ടെങ്കിലും അത് മാറ്റിവെച്ച് നാളെ പരിപാടിയിൽ പങ്കെടുക്കുക” -തൊഴിലുറപ്പ് മേറ്റ് തൊഴിലാളികളോട് പറയുന്ന ഈ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

തിങ്കഴാഴ്ചയാണ് കോന്നിയിൽ സി.പി.എം സമ്മേളനം നടന്നത്. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ഇതിനിടെയാണ് തൊഴിലുറപ്പിന്‍റെ വാർഡിലെ ഏകോപന ചുമതലുള്ള മേറ്റിന്റെ ശബ്ദ സന്ദേശം പുറത്തുവന്നത്. ഇതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. തൊഴിലാളികളെ ഭീഷണിപ്പെടുത്തി സമ്മേളനത്തിൽ പങ്കെടുപ്പിക്കുകയാണെന്ന് കോൺഗ്രസ് അരോപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കു നേരെ നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

Tags:    
News Summary - 'No work if not participated in party convension'; Congress alleges CPM threatened workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.