കൊച്ചിൻ കാർണിവൽ, ബിനാലെ; ഫോർട്ട്കൊച്ചിയിൽ നിയന്ത്രണം കടുപ്പിക്കും

ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ, ബിനാലെ, പുതുവത്സരാഘോഷം എന്നിവ കണക്കിലെടുത്ത് ഫോർട്ട്കൊച്ചിയിലേക്ക് ആളുകളുടെ വരവ് വർധിക്കാൻ സാധ്യതയുള്ളതിനാൽ നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ. കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചി സബ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ട്രാഫിക് പൊലീസ് എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. 31ന് രാവിലെ പത്ത് മുതൽ ആരംഭിക്കുന്ന നിയന്ത്രണം രണ്ടിന് രാവിലെ വരെ നീളും. ഈ സമയങ്ങളിൽ പശ്ചിമകൊച്ചി ഒഴികെ മറ്റ് ഇതര പ്രദേശങ്ങളിൽനിന്നുള്ള സ്വകാര്യ വാഹനങ്ങളെ തോപ്പുംപടി ബി.ഒ.ടി പാലം കടത്തിവിടില്ല. ഇത്തരം വാഹനങ്ങൾ ഐലൻഡ് പ്രദേശത്ത് പാർക്ക് ചെയ്യണം. സ്വകാര്യ യാത്ര ബസുകൾക്ക് നിയന്ത്രണം ബാധകമല്ല.

31ന് വൈകീട്ട് മുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ഷട്ടിൽ സർവിസ് നടത്തും. ഇത് നിയന്ത്രണ സമയം വരെ തുടരും. അരൂർ പാലം, ചെല്ലാനം വഴി വരുന്നരുടെ വാഹനങ്ങളും തോപ്പുംപടിയിലും മാനാശ്ശേരിയിലും തടയും. ഇത്തരം വാഹനങ്ങൾ തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും സമീപങ്ങളിലും പാർക്ക് ചെയ്യാം. പശ്ചിമകൊച്ചി നിവാസികളാണെങ്കിൽ അവർ വിലാസം തെളിയിക്കാൻ ആധാർ കാർഡോ, ആർ.സി ബുക്കോ കാണിക്കണം.

ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോയിലും നിയന്ത്രണങ്ങളുണ്ട്. 31 മുതൽ വൈപ്പിനിൽനിന്ന് ആളുകളെ മാത്രമേ റോ റോയിൽ പ്രവേശിപ്പിക്കൂ. പശ്ചിമകൊച്ചി നിവാസികളാണെങ്കിൽ അവർ രേഖകൾ കാണിച്ചാൽ വാഹനത്തിൽ കയറ്റി വിടും. ഇതിന് പുറമെ ഫോർട്ട്കൊച്ചിയിൽനിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകൾ നിലവിൽ റോ റോ ജെട്ടി വഴിയാണ് പോകുന്നത്. ഇത് ഒഴിവാക്കും.

ഫോർട്ട്കൊച്ചി കമാലക്കടവിൽനിന്ന് ആസ്പിൻ വാൾ ജങ്ഷൻ വരെ വലിയ വാഹനങ്ങൾ അനുവദിക്കില്ല. ഈ ഭാഗത്ത് വലിയ വാഹനങ്ങൾക്കുള്ള നോ എൻട്രി ബോർഡ് സ്ഥാപിക്കാൻ സി.എസ്.എം.എൽ അധികൃതർക്ക് സബ് കലക്ടർ കത്ത് നൽകി. കമാലക്കടവിൽനിന്നുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നമ്പർ 18 ഹോട്ടലിന് സമീപത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രി വഴി വേണം പോകാൻ. റോ റോ ജെട്ടിയിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.

Tags:    
News Summary - Cochin Carnival, Biennale; Control will be tightened in Fort Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.