കാസർകോട്: ടിഷ്യുകൾചർ വഴി തെങ്ങിൻതൈ എന്ന ഇനിയും നടക്കാത്ത സ്വപ്നത്തിലേക്ക് പ്രതീക്ഷയോടെ കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം. കാസർകോട് കളനാട് പ്രദേശത്തെ കർഷകെൻറ തെങ്ങിൽ വിരിഞ്ഞ തെങ്ങിൽതൈകളാണ് ശാസ്ത്രജ്ഞർക്ക് പുതിയ പ്രതീക്ഷ നൽകുന്നത്.
തെങ്ങിൽകുലയിൽ തെങ്ങിൻതൈ വിരിയുന്ന അപൂർവ പ്രതിഭാസമാണ് കളനാട് ഹദ്ദാദ് നഗറിലെ മുഹമ്മദ് കുഞ്ഞിയുടെ പുരയിടത്തിൽ ദൃശ്യമായത്. തെങ്ങിൽ തേങ്ങക്കു പകരമായാണ് തെങ്ങിൻ തൈകൾ കുലച്ചത്. ഓരോ കുലയിലും ഓരോ തൈയാണ് മുളച്ചത്. അപൂർവത നേരിൽ മനസ്സിലാക്കിയ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ വിശദ പഠനത്തിനായി സാമ്പിളുകൾ ശേഖരിച്ചു.
പൂങ്കുലയിലെ ആൺ-പെൺ പൂക്കളിലെ പരാഗണഫലമായി ഫലം കായ്ക്കുകയെന്ന രീതിയല്ല ഇവിടെ സംഭവിച്ചത്. ആൺ-പെൺ പൂക്കളൊന്നും തെങ്ങിൻകുലയിലില്ലെന്നതാണ് പ്രധാന സവിശേഷത. പൂങ്കുല വിടരാതെ തെങ്ങിൻ തൈ പുറത്തേക്ക് വരുകയാണ് ഉണ്ടായത്. സാധാരണ തെങ്ങിൻതൈ പോലെ താഴെ തേങ്ങയോ വേരുകളോ ഒന്നുമില്ല. പകരം തൈയുടെ ഓല മാത്രം കാണാം.
ഒരു കുലയിൽ ഒരു തൈ എന്ന നിലക്കാണ് കാസർകോട്ടുണ്ടായത്. നേരത്തേ കായംകുളത്തും സമാന പ്രതിഭാസമുണ്ടായെങ്കിലും ഓരോ കുലയിലും ഒന്നിൽകൂടുതൽ തൈകൾ വിരിഞ്ഞിരുന്നു. തെങ്ങിൽ തേങ്ങയില്ലാതെ തൈ വിരിഞ്ഞതുകൊണ്ട് കർഷകന് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെങ്കിലും ശാസ്ത്രജ്ഞർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. കെ. ഷംസുദ്ദീൻ 'മാധ്യമ'ത്തോട് പറഞ്ഞു. ടിഷ്യുകൾചർ വഴി തെങ്ങിൻ തൈ ഉൽപാദിപ്പിക്കാമോ എന്ന വർഷങ്ങളായുള്ള ഗവേഷണത്തിന് പ്രയോജനം ചെയ്യുന്നതാണിത്. ജനിതകമാറ്റം വഴിയാണ് വിത്തില്ലാതെ തൈ ഉണ്ടാകുന്നത്.
ഈ അപൂർവത സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തണം. ഇതിനുള്ള ഗവേഷണം കേന്ദ്രത്തിൽ ആരംഭിക്കും. വിജയിച്ചാൽ വിത്തില്ലാതെ കൂടുതൽ ഉൽപാദന ശേഷിയുള്ള തെങ്ങിൻതൈ എന്ന കർഷകാഭിലാഷമാവും യാഥാർഥ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.