കോഴിക്കോട് : 'വിശ്വനാഥന്റെ കൊലപാതകികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് കലക്‌ട്രേറ്റ് ധർണ നടത്തുമെന്ന് ദലിത് സമുദായ മുന്നണി പ്രസ്താവനയിൽ അറിയിച്ചു. ഭാര്യയുടെ പ്രസവ ചികിത്സക്കു വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വയനാട് കല്പറ്റയിലെ ആദിവാസി യുവാവ് വിശ്വനാഥൻ്റെ മരണം കൊലപാതകമാകുവാനുള്ള സാധ്യത ബലപ്പെടുകയാണ്.
മോഷണകുറ്റം ആരോപിച്ച് മെഡിക്കൽ കോളജിലെ കൂട്ടിരിപ്പുകാർ അപമാനിക്കുകയും, ക്രൂര മർദ്ദനത്തിനിരയാക്കുകയും ചെയ്തിട്ടുണ്ടെന്നതിന് നിരവധി സാക്ഷികളുണ്ട്. ആൾക്കൂട്ടത്തിൻ്റെ വിചാരണയിലും മർദ്ദനത്തിലും കൊല ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് തോന്നിയ വിശ്വനാഥൻ മരണ ഭയത്താൽ മെഡിക്കൽ കോളജിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. അതിനെ തുടർന്ന് വിശ്വനാഥനെ കാണാതായി.
വിശ്വനാഥൻ്റെ ബന്ധിക്കൾ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ പരാതി നല്കിയെങ്കിലും കേസെടുക്കുകയോ, വിശ്വനാഥനെ കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്യാതെ അവരെ വംശീയമായി അധിക്ഷേപിച്ച് ഇറക്കിവിടുകയാണ് പോലീസ് ചെയ്തത്. കർഷകനായ വിശ്വന് ജീവിക്കാനും കുടുംബാംങ്ങളെ സംരക്ഷിക്കുവാനുമുള്ള വരുമാനമുണ്ടായിരുന്നു.
ആദ്യത്തെ കുട്ടി ജനിച്ച് കുഞ്ഞിനെ കണ്ട് കൊതി തീരുന്നതിന് മുൻപ് തന്നെ വിശ്വനാഥൻ ആത്മഹത്യ ചെയ്തു എന്നത് ഒട്ടും വിശ്വസനീയമല്ല. അത്തരമൊരു സാഹചര്യത്തിൽ വിശ്വനാഥൻ്റെ മരണം കൊലപാതകം ആണെന്ന് മൃതശരീരത്തിൽ കണ്ട പരിക്കുകൾ കൂടി സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പൊലീസ് തുടക്കത്തിൽ ശ്രമിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കാതെ, കൂട്ടിരുപ്പുകാരെ ചോദ്യം ചെയ്യാതെ, മർദംനം നടന്നിട്ടില്ലെന്ന പോലീസ് പ്രസ്താവന നടത്തിയതിലും ദുരൂഹതയുണ്ടെന്നും പ്രസ്താവനിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.