കോളജ് പ്രിൻസിപ്പൽ നിയമനം: നേതാക്കളുടെ സമ്മർദങ്ങൾക്ക് മന്ത്രി വഴങ്ങുന്നതായി ആരോപണം

തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും പോളിടെക്നിക്കുകളിലും പ്രിൻസിപ്പൽ നിയമനത്തിൽ നേതാക്കളുടെ സമ്മർദങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി വഴങ്ങുന്നതായി ആരോപണം. നാല് വർഷമായി 66 സർക്കാർ കോളജുകളിലാണ് പ്രിൻസിപ്പൽമാരില്ലാത്തത്. യൂ.ജി.സി-എ.ഐ.സി.ടി.ഇ യോഗ്യതയുള്ളവരെ മാത്രമേ ആർട്ട്സ് ആൻഡ് സയൻസ് കോളജുകളിലും, പോളി ടെക്‌നിക്കുകളിലും പ്രിൻസിപ്പൽമാരായി നിയമിക്കാൻ പാടുള്ളുവെന്നും പ്രിൻസിപ്പൽ നിയമനങ്ങൾ നടത്തുന്നത് വൈകരുതെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെന്ന് ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജർഖാനും അറിയിച്ചു.

യൂ.ജി.സി യുടെയും, എ.ഐ.സി.ടി.ഇ യുടെയും വ്യവസ്ഥകൾ അനുസരിച്ചാണ് സർക്കാർ കോളജുകളിലും പോളിടെക്നിക് കോളജുകളിലും പ്രിൻസിപ്പൽമാരുടെ നിയമനങ്ങൾ നടത്തേണ്ടത്. സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരുടെ ഒഴിവുകളിൽ നിയമിക്കുന്നതിന് പരിഗണിച്ച120 അപേക്ഷകരിൽ,

യൂ.ജി.സി യോഗ്യതയുള്ള 43 പേരെ പ്രിൻസിപ്പൽ മാരായി നിയമിക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പും,പബ്ലിക് സർവീസ് കമ്മീഷനും സർക്കാരിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ നിയമനത്തിന് തയാറാക്കിയ യോഗ്യത പട്ടികയിൽ സംഘടനാ നേതാക്കൾക്ക് കടന്നുകൂടുവാൻ കഴിയാത്തതുകൊണ്ട് കഴിഞ്ഞ രണ്ടുമാസമായി നിയമന ഉത്തരവിറക്കാൻ സർക്കാർ തയാറാകുന്നില്ല.

സ്ഥിരം പ്രിൻസിപ്പൽമാരില്ലാത്തതിനാൽ സീനിയർ അധ്യാപകർക്കാണ് കോളജുകളുടെ ഭരണ ചുമതല നൽകിയിട്ടുള്ളത്. സംഘടനാ നേതാക്കളെ യു.ജി.സി യുടെയും എ.ഐ.സി.ടി.ഇ യുടെയും വ്യവസ്ഥകൾ ഇളവുചെയ്ത് പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിനാണ് നിയമനങ്ങൾ വൈകിക്കുന്നത്. ഗവേഷണ ബിരുദവും, 15 വർഷത്തെ അധ്യാപന പരിചയവും യൂ.ജി.സി അംഗീകൃത ജേർണലുകളിലെ പ്രസിദ്ധീകരണങ്ങളും, 110 പോയിന്റ് ഗവേഷണ സ്കോറുമാണ് പ്രിൻസിപ്പൽ നിയമനത്തിനുള്ള യോഗ്യതകൾ.

എന്നാൽ മന്ത്രിയുടെ മേൽ സമ്മർദം ചെലുത്തി 15 വർഷത്തെ അധ്യാപന പരിചയം എന്നത് അധ്യാപന സർവിസ് ആയി ഭേദഗതി ചെയ്ത് ഉത്തരവ് ഇറക്കിയെങ്കിലും, യു.ജി.സി വ്യവസ്ഥയ്ക്ക് വിരുധമായി പ്രിൻസിപ്പൽ നിയമന പട്ടികയിൽ മാറ്റം വരുത്താൻ കോളജ് വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല.

പോളിടെക്‌നിക്കുകളിൽ എ.ഐ.സി.ടി.ഇ അംഗീകരിക്കാത്ത പാർട്ട്‌ ടൈം എം.ടെക് ബിരുദധാരികൾക്ക് പ്രിൻസിപ്പൽ പ്രമോഷൻ നൽകാനുള്ള സർക്കാർ തീരുമാനവും കേന്ദ്രനിയമങ്ങൾക്ക് വിരുധമാണ്. ഇത് ചോദ്യം ചെയ്ത് പോളിടെക്‌നിക് അധ്യാപകർ ഫയൽചെയ്ത ഹരജി നിലവിൽ അഡ്മിന്ട്ട്രേറ്റീവ് ട്രിബ്യുണലിന്റെ പരിഗണയിലാണ്.

കേന്ദ്ര റെഗുലേഷനുകളിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നിരിക്കെയാണ് കോളജുകളിലെയും പോളിടെക്‌നിക്കു കളിലെയും പ്രിൻസിപ്പൽമാരുടെ യോഗ്യതകളിൽ സംസ്ഥാന സർക്കാർ ഇളവ് അനുവദിച്ചിരിക്കുന്നത്.

യു.ജു.സി യോഗ്യതയുള്ളവരെ പ്രിൻസിപ്പൽമാരായി നിയമിക്കുന്നതിന് എതിർക്കുന്നതിന് അധ്യാപക സംഘടനകളാണ്. യു.ജി.സി മാനദണ്ഡം മറികടന്ന് നിയമനം ലഭിക്കാൻ ഇവർ സർക്കാരിനുമേൽ ശക്തമായ സമ്മർദം ചെലുത്തുകയാണ്. സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം വൈകുന്നത് കൊണ്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങൾ ലഭിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നതെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 

Tags:    
News Summary - College principal appointment: Minister accused of yielding to leaders' conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.