തിരുവനന്തപുരം: എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിൽ സർവകലാശാല ചട്ടങ്ങളും സുപ്രീംകോടതി വിധിയും മറികടക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ ഇടപെട്ടതായി ഗവർണർക്ക് പരാതി. തിരുവനന്തപുരം തുമ്പ സെൻറ് സേവ്യേഴ്സ് കോളജിൽ ലാറ്റിൻ പഠന വിഭാഗത്തിൽ നിയമിക്കെപ്പട്ട അധ്യാപകനെ ചട്ടവിരുദ്ധമായി ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റാൻ മന്ത്രി വിളിച്ച യോഗം നിർദേശിച്ചെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്.
ഒരു പഠന വിഭാഗത്തിൽ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് മന്ത്രി കേരള സർവകലാശാലക്ക് നിർദേശം നൽകിയതെന്ന് പരാതിയിൽ പറയുന്നു. പഠന വിഭാഗം മാറ്റാനുള്ള അപേക്ഷ നേരത്തേ സർവകലാശാല നിരസിച്ചിരുന്നു. എന്നാൽ, കോളജ് മാനേജ്മെൻറിെൻറ അപേക്ഷയിൽ മന്ത്രി നേരിട്ട് യോഗം വിളിക്കുകയും പ്രശ്നം പരിഗണിക്കാൻ സർവകലാശാലയോട് നിർദേശിക്കുകയുമായിരുന്നു.
അപേക്ഷകനായ അധ്യാപകനെ കൂടി പങ്കെടുപ്പിച്ചാണ് സർവകലാശാല, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ജനുവരി 7ന് മന്ത്രിയുടെ ചേമ്പറിൽ വിളിച്ചുകൂട്ടിയത്. സർവ്വകലാശാല ചട്ടവും ഇത്തരത്തിൽ പഠനവിഭാഗം മാറ്റുന്നതിന് എതിരാണ്. മാനേജ്മെന്റ് നൽകിയ അപേക്ഷയിൽ നേരിട്ട് യോഗം വിളിച്ച് മന്ത്രി ഇടപെട്ടതോടെ ഇക്കാര്യം ബുധനാഴ്ച ചേരുന്ന സിന്റിക്കേറ്റിന്‍റെ അജണ്ടയിൽ വരും.
ലാറ്റിൻ വിഭാഗത്തിൽ നിയമിക്കപ്പെട്ട ഇദ്ദേഹം പിന്നീട് കോളേജ് പ്രിൻസിപ്പലായതോടെ ലാറ്റിൻ ഭാഷ പഠിപ്പിക്കാൻ അധ്യാപകരില്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് പഠന വകുപ്പ് മാറ്റാൻ ശ്രമിക്കുന്നത്. ലാറ്റിൻ വിഭാഗത്തിൽ സ്ഥിര അധ്യാപകനെ നിയമിക്കാനാണ് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയുള്ള പരിഹാരം. മാനേജ്മെന്‍റുകൾക്ക് യഥേഷ്ടം അധ്യാപകരെ വിഷയം മാറ്റി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്ന തരത്തിൽ ഇത് കീഴ്വഴക്കമായി മാറുമെന്നും സെലക്ഷൻ കമ്മിറ്റികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും പരാതിയിൽ പറയുന്നു. ചട്ടവിരുദ്ധമായി ഇടപെട്ട ഉത്തരവ് പിൻവലിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.