തൃശൂർ: വെടിക്കെട്ട് മഴ മുടക്കിയതൊഴിച്ചാൽ പൂരം അതിഗംഭീരമായെന്ന് മേളപ്രേമികൾ. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പൂരം 62 മണിക്കുർ പിന്നിട്ട് ബുധനാഴ്ച ഉച്ചയോടെയാണ് ഉപചാരം ചൊല്ലിപ്പിരിയലിലൂടെ കലാശിച്ചത്. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിൽ വെടിക്കെട്ട് നീട്ടിവെച്ചത് പൂരപ്രേമികളിൽ നിരാശ പടർത്തിയെങ്കിലും വീണ്ടും ഒരു വെടിക്കെട്ട് പൂരത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് പൂരനഗരി. പൂരത്തെ നെഞ്ചേറ്റുന്ന പൂരപ്പറമ്പിലെ ചിരപരിചിതരായ മൂന്ന് പ്രമുഖർ വിലയിരുത്തുന്നു.
തൃശൂർ: 90 കൾ മുതൽ പൂരത്തിന് സ്ഥിരമായി എത്തുന്ന എന്‍റെ ഓർമയിൽ 93ലോ 94 ലോ പെയ്ത അതിഭയങ്കര മഴയുണ്ട്. ആ ഭയങ്കര മഴയിൽ പൂരം ഒഴുകിപ്പോയി. അന്ന് ചടങ്ങ് മാത്രമായി നടത്തേണ്ടി വന്നു. വേനൽകാലത്ത് പൊതുവേ ,മെയ് മാസത്തിൽമഴ പെയ്യാറുണ്ട്. ചുഴലിക്കൊടുങ്കാറ്റ് ബംഗാൾ ഉൾകടലിൽ വരുന്നു എന്ന് കേട്ടിട്ടും അത് കാര്യമായി ചൊവ്വാഴ്ചത്തെ പൂരത്തെ ബാധിച്ചില്ല. സന്ധ്യക്ക് കുടമാറ്റ സമയത്ത് മഴ ഒന്ന് പൊടിഞ്ഞു. വലിയ ഉപദ്രവം ഉണ്ടായില്ല, വെടിക്കെട്ട് ഒഴിവായി എന്നതൊഴിച്ചാൽ.പൂരപ്രേമിയാണെങ്കിലും വെടിക്കെട്ട് കാലോചിതമായി പരിഷ്കരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്ന അഭിപ്രായക്കാരനാണ് .പ്രകൃതിവിരുദ്ധം മാത്രമല്ല ചരിത്ര വിരുദ്ധം കൂടിയാണ്.സംരക്ഷിത സ്മാരകമാണ് വടക്കുന്നാഥ ക്ഷേത്രം. ഓരോ തവണയും വെടിക്കെട്ട് കഴിയുമ്പോൾ കെട്ടിടങ്ങൾക്ക് ക്ഷതമേൽക്കും. മാത്രമല്ല വെടിക്കെട്ട് നഗരത്തിൽ നടത്തുക എന്നതിൽ വാണിജ്യ താൽപര്യം കൂടിയുണ്ട്. വെടിക്കെട്ട് നടത്തിക്കോട്ടെ തീവ്രത ഒന്ന് കുറക്കേണ്ട ആവശ്യമുണ്ട്.നഗരത്തിൽ നിന്ന് മാറി പൊട്ടിച്ചാലും മതി.
ഇത്തവണത്തെ മേളം ഗംഭീരമായി എന്ന് മാത്രമല്ല, കോങ്ങാട് മധു എന്ന പ്രമാണി മഠത്തിൽ വരവിലെ പഞ്ചവാദ്യം അവിസ്മരണീയമാക്കി. അതിഗംഭീരമായിരുന്നു. അതുപോലെ ഇലഞ്ഞിത്തറയിൽ പെരുവനം കുട്ടൻമാരാർ സമയം കുറച്ചെങ്കിലും വേഗത കൂട്ടി അദ്ഭുതം കാട്ടി രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമായതിനാൽ തിരക്ക് വളരെ കൂടിയിരുന്നു. പരാതിക്കിട നൽകാതെ സ്തുത്യർഹസേവനമാണ് പൊലീസ് കമീഷർ ആദിത്യയുടെ നേതൃത്വത്തിൽ നടന്നത്. അത് പറയാതെ വയ്യ.
ഒരു പൂര ദിനം കൂടി കിട്ടി -വി.എസ്. സുനിൽകുമാർ (രാഷ്ട്രീയ പ്രവർത്തകൻ)
വെടിക്കെട്ട് മാറ്റിയതിൽ നിരാശപ്പെടണ്ട. ഒരു പൂര ദിനം കൂടി കിട്ടി എന്ന് കരുതി സന്തോഷിക്കാം. സംഭവത്തെ പോസറ്റീവായി കണ്ടാൽ മതി.വെടിക്കെട്ടിനെ മഴ കൊണ്ടുപോയതൊഴിച്ചാൽ മറ്റെല്ലാം ഗംഭീരമായി.1982 മുതൽ സ്ഥിരമായി പൂരം കാണാനെത്താറുണ്ട്.
പക്ഷേ ഇതുപോലത്തെ ജനത്തിരക്കുള്ള പൂരം കണ്ടിട്ടില്ല. കഴിഞ്ഞ വർഷം കോവിഡ് പിടിച്ച് വരാനായില്ല. വേനൽ മഴ മുമ്പും പൂരത്തിന് വില്ലനായിട്ടുണ്ട്. വേനൽ മഴ സ്വാഭാവികമാണ്. മേളം ഇത്തവണ അതിഗംഭീരമായി. പാറമേക്കാവിന്‍റെ എഴുന്നള്ളിപ്പിലെ ചെമ്പട, രണ്ട് പാണ്ടിമേളങ്ങൾ ,തൃശൂർക്കാരുടെ പകൽ പൂരം എല്ലാം ഇത്തവണ സ്പെഷലാണ്.
എല്ലാ പൂരങ്ങളും മീനത്തിൽ തീരുമ്പോൾ മേട മാസം വരുന്ന ഉത്സവമാണ് തൃശൂർ പൂരം. മേടം അവസാനത്തിലാകുമ്പോൾ സ്വാഭാവികമായും മഴ വരാൻ സാധ്യതയുണ്ട്.പക്ഷേ അദ്ഭുതമെന്ന് പറയട്ടെ ഒന്നോ രണ്ടോ തവണ മാത്രമേ മഴപെയ്ത് പൂരം മുടങ്ങിയിട്ടുള്ളു. ചൊവ്വാഴ്ച കുടമാറ്റം നീണ്ടുപോയതിനാൽ മഴ പിടിച്ചതാണ്. ചെറിയ കാലാവസ്ഥ മാറ്റങ്ങളും പൂരത്തെ ബാധിച്ചിട്ടുണ്ടാകാം.പക്ഷേ പൂർണമായി അങ്ങനെ പറയാനുമാകില്ല. കാരണം മേടത്തിൽ മഴ പെയ്യാറുണ്ട്.
ഇത്തവണ എന്‍റെ കണക്കിൽ മൂന്ന് പൂരം കൂടി. എത്തിയത് സാധാരണ എത്താറുള്ളതിനേക്കാൾ മൂന്നിരട്ടി ആളുകൾ. മഠത്തിൽ വരവിന്‍റെ സമയത്ത് പൊടി മണ്ണ് വീഴാൻ സ്ഥലമുണ്ടായിരുന്നില്ല. പൂരം നടക്കുമോ എന്ന ആശങ്കയുടെ കാർമേഘങ്ങൾ ഒഴുകിപ്പോയ പൂരം കൂടിയായിരുന്നു കടന്നുപോയത്.ഇത്തവണ പൂരം കാണാനായതിൽ മഹാഭാഗ്യമായി പൂരപ്രേമികൾക്ക് അനുഭവപ്പെട്ടിരിക്കണം. ഏതായാലും അവിസ്മരണീയ മേളമാണ് പൂരം സമ്മാനിച്ചത്. ഇലഞ്ഞിത്തറയിൽ പെരുവനം കുട്ടൻമാരാരും വലന്തലക്കാരും ചേർന്ന് വലിയ വിരുന്നാണ് ഒരുക്കിയത്. മഠത്തിൽവരവിൽ ചെർപ്പുളശ്ശേരി ശിവനും കൂട്ടാളികളും മേളപ്രപഞ്ചം തീർത്തു. അവരുടെ ഊർജം ഒന്ന് വേറെത്തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.