കണ്ണൂർ: കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ വർഗീയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ സംഭവത്തിൽ എസ്.എഫ്.ഐയിൽ അഭിപ്രായ ഭിന്നത രൂക്ഷം. സിലബസിനെ പിന്തുണച്ച്, എസ്.എഫ്.ഐ ഭരിക്കുന്ന കണ്ണൂർ സർവകലാശാല യൂനിയൻ രംഗത്തെത്തി. സവർക്കറെയും ഗോൾവാർക്കറെയും വിമർശനാത്മകമായി പഠിക്കുകതന്നെ വേണമെന്ന് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ എം.കെ. ഹസ്സൻ അഭിപ്രായപ്പെട്ടു. പഠിച്ചുകൊണ്ട് വിമർശിക്കുക എന്നതാണ് യൂനിയൻ നിലപാട്. ജെ.എൻ.യു അടക്കം നിരവധി സർവകലാശാലകളിലെ സിലബസിൽ സവർക്കറെയും ഗോൾവാർക്കറെയും കുറിച്ച് പാഠ്യപദ്ധതിയുണ്ട്. ഏത് ആളുകളെയുംകുറിച്ച് പഠിക്കണം. പരിവാർ സംഘടനകളെ എതിർക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് എസ്.എഫ്.ഐ. ഇപ്പോഴുള്ള സമരങ്ങൾ രാഷ്്ട്രീയ ലക്ഷ്യംവെച്ചുള്ളതാണ്. സമര രംഗത്തുള്ള എ.ഐ.എസ്.എഫിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തും. ഈ വിഷയത്തിൽ യൂനിയൻ ആരുമായും സംവാദത്തിന് തയാറാണെന്നും ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ഈ വാദത്തെ പൂർണമായും തള്ളി സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് എം.എൽ.എ രംഗത്തുവന്നു. സിലബസ് പിൻവലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദുത്വ വർഗീയവാദത്തിെൻറ മുഖമായ എം.എസ്. ഗോൾവാൾക്കർ, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പപേക്ഷ എഴുതിനൽകിയ വി.ഡി. സവർക്കർ, ദീൻ ദയാൽ ഉപാധ്യായ, ബാൽരാജ് മധോക് ഉൾെപ്പടെയുള്ളവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത് അംഗീകരിക്കാനാകില്ല.
ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽവന്നശേഷം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെ വക്രീകരിക്കാനും പാഠപുസ്തകങ്ങളെ വർഗീയവത്കരിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ഈ സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല വിവാദ പാഠഭാഗങ്ങൾ സിലബസിൽനിന്ന് നീക്കം ചെയ്യണം. അതിന് തയാറായില്ലെങ്കിൽ എസ്.എഫ്.െഎ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് വി.എ. വിനീഷ്, സെക്രട്ടറി അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, സർവകലാശാല യൂനിയൻ ചെയർമാെൻറ വാദം ശരിയാണെന്നാണ് കേന്ദ്ര സെക്രട്ടേറിയറ്റംഗം നിധീഷ് നാരായണൻ അഭിപ്രായപ്പെട്ടത്.
ആർ.എസ്.എസ് നേതാക്കളുടെ പുസ്തകവും വിമർശനാത്മകമായി പഠിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായം പങ്കുവെച്ചു. സവർക്കർ മുന്നോട്ടുവെച്ചതുൾപ്പെടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് ഹസ്സൻ പറഞ്ഞതിനൊപ്പമാണ്. വിമർശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാദമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്, താലിബാനിസമല്ല. ജെ.എൻ.യുവിൽവെച്ച് ഞാൻ സവർക്കറുടെ പുസ്തകം വായിച്ചിട്ടുണ്ട്.
ആ ക്ലാസിൽ ഇരുന്നിട്ട് ആരെങ്കിലും ഹിന്ദുത്വത്തിെൻറ പിന്നാലെ പോയെന്ന് ഏതെങ്കിലും ഒരാൾ പറയുമെന്ന് തോന്നുന്നില്ലെന്നും നിധീഷ് തെൻറ കുറിപ്പിലൂടെ പങ്കുവെച്ചു. ഇതിനിടെ ഇടത് വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫ് സിലബസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാലയിലേക്ക് മാർച്ച് നടത്തി. സർവകലാശാലയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്ന് സി.പി.ഐ നേതാവ് വി.കെ. സുരേഷ്ബാബു മാർച്ച് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.