കൊച്ചി: ഇടതുസർക്കാർ പ്രഖ്യാപിച്ച സാമൂഹിക പഠനകേന്ദ്രങ്ങളുടെ നിർമാണത്തിന് തടസ്സമായത് ആദിവാസി ഊരുകളിൽ ഭൂമി കണ്ടെത്താനാവാത്തതും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും. സംസ്ഥാനത്ത് ആദിവാസി ഊരുകളിൽ 250 സാമൂഹിക പഠനകേന്ദ്രം (സി.എസ്.സി) നിർമിക്കുന്നതിനാണ് മുൻ മന്ത്രി എ.കെ. ബാലൻ തുക അനുവദിച്ചത്. വയനാട്ടിൽ ഉൾപ്പെടെ പല ആദിവാസി ഊരുകളിലും നിർമാണത്തിന് ഭൂമി കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്.
ഗോത്രവർഗ വിദ്യാർഥികൾക്ക് ഓൺലൈൻ അടക്കമുള്ള വിദ്യാഭ്യാസം നൽകി മുഖ്യധാരയിൽ എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കേന്ദ്രങ്ങളുടെ നിർമാണങ്ങളുടെ നിരീക്ഷണം ബന്ധപ്പെട്ട ട്രൈബൽ ഓഫിസർമാരെ (ടി.ഇ.ഒ) ചുമതലപ്പെടുത്തിയിരുന്നു.
വയനാട്ടിലെ നൂൽപ്പുഴ ട്രൈബൽ ഓഫിസിനുകീഴിൽ ആറ് കേന്ദ്രത്തിന് 30 ലക്ഷം അനുവദിച്ചു. 2019 മാർച്ച് 31നകം ശൗചാലയം ഉൾക്കൊള്ളുന്ന 450 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. ആറിൽ നാല് സി.എസ്.സിയുടെ കാര്യത്തിൽ ഭൂമി ലഭ്യമല്ലാത്തതിനാൽ നിർമാണം ആരംഭിച്ചിട്ടില്ല.
ജില്ല നിർമിതി കേന്ദ്രം (ഡി.എൻ.കെ) സമർപ്പിച്ച എസ്റ്റിമേറ്റിെൻറ അടിസ്ഥാനത്തിൽ ഓരോ കേന്ദ്രത്തിനും അഞ്ചുലക്ഷം വീതം നൽകാൻ ഭരണാനുമതി നൽകി. ഭൂമി കണ്ടെത്താതെയാണ് നിർമാണത്തിന് ഭരണാനുമതി നൽകിയത്. തുടർന്ന് തുക ഡി.എൻ.കെയുടെ അക്കൗണ്ടിലേക്ക് കൈമാറ്റി. ഭൂമി കണ്ടെത്തുന്നതിൽ ടി.ഇ.ഒ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായെന്നാണ് റിപ്പോർട്ട്.
ഭൂമി ലഭിച്ച ഊരുകളിലും പരിശോധനയിൽ ഒരുവർഷം പിന്നിട്ടിട്ടും നിർമാണം പൂർത്തിയായിട്ടില്ല. അതിനാൽ ഫണ്ട് കൈമാറിയ 2018 നവംമ്പർ 13 മുതൽ 2020 ജനുവരി 23 വരെ കാലയളവിൽ 20 ലക്ഷത്തിെൻറ 18 ശതമാനം പിഴപ്പലിശ സഹിതം ഈടാക്കണമെന്നാണ് എ.ജിയുടെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.