പോക്സോ കേസ്​ ഇരകൾക്കടക്കം നഷ്ടപരിഹാരം: ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്ന്​ ഹൈകോടതി

കൊച്ചി: പോക്സോ കേസിലെ ഇരകൾക്ക്​ അടക്കം നഷ്ടപരിഹാരം നൽകാൻ നിലവിൽ ലഭിച്ച അപേക്ഷകളിൽ തുക വിതരണം ചെയ്യാൻ സർക്കാർ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്ന്​ ഹൈകോടതി. നഷ്ടപരിഹാരം നൽകാനുള്ള ഫണ്ടിൽ മതിയായ തുകയുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ്​ കൗസർ എടപ്പഗത്ത്​ ഉത്തരവിട്ടു.

ഇരകൾക്ക്​ ആറുകോടിയോളം രൂപ നൽകാനുള്ളത് കണക്കാക്കിയാണ് ഈ നിർദേശം. ലൈംഗികാതിക്രമത്തിനിരകളായ രണ്ട് കുട്ടികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ജില്ല ലീഗൽ സർവിസ് അതോറിറ്റി എടുത്ത തീരുമാനം സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റി അംഗീകരിക്കാത്തത് ചോദ്യം ചെയ്ത് നൽകിയ ഹരജി അനുവദിച്ചാണ് ഉത്തരവ്. ഹരജിക്കാരുടെ കേസിൽ ഉടൻ തുക വിതരണം ചെയ്യാനും നിർദേശിച്ചു.

കോടതി മുമ്പ്​ നിർദേശിച്ച പോക്സോ കേസിലെ ഇരകൾക്ക്​ നഷ്ടപരിഹാരം നൽകുന്ന പ്രത്യേക പദ്ധതി നടപ്പാക്കുംവരെ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക്​ പോക്സോ കേസ്​ ഇരകൾക്ക്​ ഫണ്ട് അനുവദിക്കാം. എന്നാൽ, ഇത്​ മതിയായ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാകണം.

ക്രിമിനൽ കേസുകളിൽ ഇരകൾക്ക്​ നഷ്ടപരിഹാരത്തിന്​ നിർദേശിക്കണമെന്ന ക്രിമിനൽ നടപടിക്രമത്തിലെ വ്യവസ്ഥ കോടതികളും ഇരകൾക്ക്​ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്ന പോക്സോ ആക്ടിലെ വ്യവസ്ഥ പോക്സോ കോടതികളും പാലിക്കുക, പോക്സോ കേസ് അടക്കമുള്ള ലൈംഗികാതിക്രമക്കേസിൽ എഫ്.ഐ.ആർ ഇട്ടാലുടൻ ലീഗൽ സർവിസ്​ അതോറിറ്റിയെ അറിയിക്കുക, എഫ്​.ഐ.ആർ ഓൺലൈനായി പങ്കുവെക്കാൻ പൊലീസിന്‍റെ ഐ.ടി സംവിധാനം ലീഗൽ സർവിസ്​ അതോറിറ്റിയുമായി ബന്ധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ നടപ്പാക്കാൻ ഉത്തരവിന്‍റെ പകർപ്പ്​ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, കെൽസ മെംബർ സെക്രട്ടറി തുടങ്ങിയവർക്ക്​ കൈമാറുക എന്നിങ്ങനെ നിർദേശങ്ങളും കോടതി നൽകിയിട്ടുണ്ട്​.

Tags:    
News Summary - Compensation including POCSO case victims: High Court to release necessary funds immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.