കണ്ണൂർ: വിവാദമുണ്ടാക്കിക്കഴിഞ്ഞാൽപ്പിന്നെ പാർട്ടിക്ക് വിധേയനായി പോവേണ്ടിടത്ത് പോവുന്നതാണ് ഇ.പി. ജയരാജന്റെ രീതി. ഏറ്റവുമൊടുവിൽ പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി. സരിനുവേണ്ടി പ്രചാരണത്തിനിറങ്ങിയതിനു പിന്നിലും മുമ്പ് പയറ്റിയ അതേ തന്ത്രം. പാർട്ടിയെ പ്രതിരോധത്തിലാക്കുകയും പിന്നീട് ഒന്നുമറിയാത്തപോലെ പെരുമാറുകയും ചെയ്യുന്ന ഇ.പി. ജയരാജന്റെ നിലപാടിൽ പാർട്ടി നേതൃത്വം അസ്വസ്ഥമാണെന്നാണ് സൂചന. പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നേതാക്കളുടെ മൗനം. അതുവരെ ഇ.പിയെപ്പോലെ ഒന്നുമറിയാത്ത പോലെ ഭാവിക്കുകയാണ് നേതാക്കളും.
എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതു മുതൽ തുടങ്ങിയ നിസ്സഹകരണം എല്ലാ പരിധിയും വിട്ടെന്നാണ് നേതാക്കളുടെ നിലപാട്. എം.വി. ഗോവിന്ദൻ നടത്തിയ ജനകീയ പ്രതിരോധ ജാഥ കൺമുന്നിലൂടെ കടന്നുപോയിട്ടും ആ ഭാഗത്തേക്ക് ഇ.പി പോയില്ല. ജാഥ മൂന്നുദിവസം കണ്ണൂരിൽ കറങ്ങിയിട്ടും വീട്ടിലുണ്ടായിട്ടും പങ്കെടുത്തില്ല. ‘അദ്ദേഹത്തിന് ചികിത്സയുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ’ എന്നായിരുന്നു അന്ന് എം.വി. ഗോവിന്ദൻ പറഞ്ഞത്. അതിനിടെയാണ് വിവാദ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ഷാളണിയിക്കാൻ ഇ.പി കൊച്ചി വെണ്ണലയിലെ ക്ഷേത്രത്തിലെത്തിയ വിവരം പുറത്തുവന്നത്. ജാഥയിൽനിന്ന് വിട്ടുനിന്ന് വിവാദ ദല്ലാളിനൊപ്പം കണ്ടതോടെ ഇ.പി പ്രതിരോധത്തിലായി. വ്യക്തിഹത്യ നടത്താൻ ഗൂഢാലോചന നടക്കുന്നുവെന്നാണ് അന്നും ഇ.പി പറഞ്ഞിരുന്നത്. വിവാദമായപ്പോൾ അദ്ദേഹം പിറ്റേന്ന് തൃശൂരിൽ പോയി പ്രതിരോധ ജാഥയിൽ പങ്കെടുത്തു.
ഇതേ രീതിയാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇപ്പോൾ പയറ്റിയത്. ഇരുട്ടിവെളുക്കുംമുമ്പ് മറുകണ്ടം ചാടിയവനെന്നും വയ്യാവേലിയെന്നും വിശേഷിപ്പിച്ച വിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകം സരിനെ പുകഴ്ത്തിപ്പറഞ്ഞു. പ്രചാരണത്തിനുപോവാൻ പാർട്ടി നിർദേശിച്ചെങ്കിലും പാലക്കാട്ട് പോകാൻ ഇ.പിക്കും പ്രത്യേക താൽപര്യമുണ്ടായി.
ആത്മകഥ വിവാദമായതോടെ അതീവ കരുതലോടെയാണ് പാർട്ടിയുടെ ഓരോ നീക്കവും. താൻ എഴുതിയ കഥകൾ മുഴുവൻ പുറത്തുവന്നത് കണ്ണുംപൂട്ടി നിഷേധിച്ച ഇ.പിയെ ‘വിശ്വാസ’ത്തിലെടുത്താണ് എം.വി. ഗോവിന്ദൻ ആദ്യ ദിവസം കണ്ണൂരിൽ പ്രതികരിച്ചത്. രണ്ടാംദിവസവും ഇങ്ങനെ തന്നെയാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തശേഷമാണ്, ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും’ എന്ന് ഇ.പി. ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞത്. ഇതുപോലെ പ്രതികരണം വരാൻ പാലക്കാട് ഉപതെരഞ്ഞെടുപ്പുകൂടി കഴിയേണ്ടി വരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.