കൊല്ലം: ഫോണിൽ വിളിച്ച വിദ്യാർഥിയോട് കയർത്ത് സംസാരിച്ച നടനും എം.എൽ.എയുമായ മുകേഷിനെതിരെ പരാതി. എം.എസ്.എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആണ് ബാലാവകാശ കമീഷന് പരാതി നൽകിയത്. സഹായം അഭ്യർഥിച്ച വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വിദ്യാർഥിയോടാണ് കൊല്ലം എം.എൽ.എ മുകേഷ് കയർത്തത്. ഞായറാഴ്ച രാവിലെ മുതലാണ് ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 'ഹലോ സർ, ഞാൻ പാലക്കാട്ടുനിന്നാണെ'ന്ന് പറഞ്ഞാണ് വിദ്യാർഥി വിളിച്ചത്. 'ആറു പ്രാവശ്യമൊക്കെ വിളിക്കുകയെന്നുപറഞ്ഞാൽ, മീറ്റിങ്ങിൽ ഇരിക്കുകയല്ലേ എന്ന് പ്രതികരിച്ചാണ് മുകേഷ് തുടങ്ങിയത്. പാലക്കാട് എം.എൽ.എ എന്നയാൾ ജീവനോടെയില്ലേ, എന്ത് അത്യാവശ്യകാര്യമായാലും അവിടെ പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് തന്നെ വിളിച്ചത് -മുകേഷ് ചോദിക്കുന്നു.
സാറിന്റെ നമ്പർ കൂട്ടുകാരൻ തന്നതാണെന്നു പറഞ്ഞപ്പോൾ 'അവന്റെ ചെവിക്കുറ്റി നോക്കിയടിക്കണം'. പാലക്കാട് ഒറ്റപ്പാലമാണ് വീടെന്ന് കുട്ടി പറഞ്ഞപ്പോൾ 'അവിടത്തെ എം.എൽ.എയെ കണ്ടുപിടിക്ക്, മേലാൽ തന്നെ വിളിക്കരുതെന്ന്' പറഞ്ഞാണ് മുകേഷ് ഫോൺ കട്ട് ചെയ്തത്.
അതേസമയം, ഓഡിയോ വൈറലായതോടെ തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ഫോൺവിളിക്കു പിന്നിലെന്ന ആരോപണവുമായി മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പിനു ശേഷം തന്നെ പ്രകോപിപ്പിക്കാൻ ആസൂത്രിതമായ ഇത്തരം വിളികൾ വരുന്നുണ്ട്. എന്നെ വിളിച്ചയാൾ നിഷ്കളങ്കനാണെങ്കിൽ എന്തിന് റെക്കോഡ് ചെയ്തു.
സംഭവം ആസൂത്രിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചൂരൽ വെച്ച് അടിക്കുമെന്ന് പറഞ്ഞത് രക്ഷാകർത്താവിന്റെ സ്നേഹത്തോടെയാണ്. ഫോൺ സംഭാഷണം പ്രചരിപ്പിച്ചതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരാൻ പൊലീസിന് പരാതി നൽകുമെന്നും മുകേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.