തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവായി. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പുവരുത്തണം.
കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, തിരുവനന്തപുരം നഗരാസൂത്രണ ഡയറക്ടർ എന്നിവർക്ക് കമീഷൻ അംഗങ്ങളായ കെ. നസീറും ബി. ബബിതയും നിർദേശം നൽകി.
നല്ലളത്ത് പ്രവർത്തിക്കുന്ന അൽഫിത്‌റ ഇസ്‍ലാമിക് പ്രീ സ്‌കൂളിൽ ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും സ്‌കൂൾ സ്വന്തമായി സിലബസ് തയാറാക്കുകയാണെന്നും ചൂണ്ടിക്കാട്ടി കമീഷന് പരാതി ലഭിച്ചിരുന്നു. ഏതെങ്കിലും നിയമ ലംഘനമോ ബാലാവകാശ ലംഘനമോ സ്ഥാപനം നടത്തിയതായി കമീഷൻ കണ്ടെത്തിയിട്ടില്ല.
പ്രീപ്രൈമറി വിദ്യാഭ്യാസമാണ് സ്ഥാപനം നൽകുന്നത്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമീഷൻ നിയമ പ്രകാരമുള്ള ലൈസൻസുമുണ്ടെന്നും കമീഷൻ വ്യക്തമാക്കി. സംസ്ഥാനത്തെ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടാതിരിക്കാനാണ് പുതിയ ഉത്തരവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.