മേയർ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമീഷനും വിജിലൻസിനും പരാതി

തിരുവനന്തപുരം: നഗരസഭ നിയമന വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ.എസ്. അഖിൽ ആണ് മേയർക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് കാണിച്ച് പരാതി നൽകിയത്. മുനിസിപ്പൽ ചട്ടം 143 ആര്യ രാ​ജേന്ദ്രൻ കൗൺസിലറും മേയറുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഭരണഘടനയോട് കൂറു പുലർത്തുമെന്നും പക്ഷപാതിത്വം കാണിക്കില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത മേയർ പാർട്ടിക്കാരുടെ നിയമനത്തിനായി പാർട്ടി നേതാവിന് കത്ത് നൽകി. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. അതിനാൽ മേയർക്ക് പദവിയിൽ മാത്രമല്ല, കൗൺസിലറായി തുടരാനും അർഹതയില്ലെന്നും പരാതിയിലുണ്ട്.

തിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും മുൻ കൗൺസിലർ പരാതി നൽകിയിട്ടുണ്ട്. രണ്ട് വർഷം മുമ്പ് നടന്ന ആയിരത്തിലേറെ താൽകാലിക നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. താൽകാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നഗരസഭയിലെ താൽകാലിക തസ്തികകളിൽ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതാണ് വിവാദത്തിനിടയാക്കിയത്. 295 ഒഴിവുകൾ ഉണ്ടെന്ന് കാണിച്ചായാണ് മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്.

മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.എന്നാൽ, കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ജില്ല സെക്രട്ടറിയും പ്രതികരിച്ചു. ഉദ്യോഗാർഥികളുടെ മുൻഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എഴുത്തിൽ അഭ്യർഥിക്കുന്നുണ്ട്.

Tags:    
News Summary - mayor Arya Rajendran, Election Commission, Vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.