പാലക്കാട്: യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ ഉൽപന്നങ്ങൾക്കെതിരായ പരാതികളിൽ അന്വേഷണത്തിനായി പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുന്നു. രക്തസമ്മർദം, പ്രമേഹം, ഗ്ലൂക്കോമ, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾക്കുള്ള പരിഹാരമെന്ന തരത്തിൽ വാർത്തമാധ്യമങ്ങളിൽ തുടർച്ചയായി പ്രചാരണം നടത്തുന്നതിൽ അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ആയുഷ് മന്ത്രാലയം വഴി ഉത്തരാഖണ്ഡിലെ ആയുർവേദ യൂനാനി ലൈസൻസിങ് അതോറിറ്റിയോട് ആവശ്യപ്പെട്ടത്.
പതഞ്ജലി ഗ്രൂപ്പിന്റെ മാർക്കറ്റിങ് വിഭാഗമായ ദിവ്യ ഫാർമസി, മാജിക് ആൻഡ് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വടൈസ്മെന്റ്) ആക്ട് 1954 ലംഘിക്കുന്നെന്ന് കാണിച്ച് മലയാളി പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ. കെ.വി. ബാബു സമർപ്പിച്ച പരാതിയിലാണ് നടപടി. 2022 ഫെബ്രുവരി മുതൽ ഇന്ത്യൻ ഡ്രഗ്സ് കൺട്രോളർ, കേന്ദ്ര ആയുഷ് മന്ത്രാലയം, ഉത്തരാഖണ്ഡിലെ ലൈസൻസിങ് അതോറിറ്റി എന്നിവയിൽ പരാതി നൽകിയെങ്കിലും ഇതുവരെ തീർപ്പുണ്ടാകാത്ത സാഹചര്യത്തിലാണ് 2024 ജനുവരി 15ന് പരാതി നൽകിയത്. തുടർന്ന് ആയുഷ് മന്ത്രാലയത്തിന് ലഭിച്ച പരാതിയിലുള്ള തുടർനടപടിക്കായാണ് ദിവ്യ ഫാർമസിയുടെ ആസ്ഥാനമായ ഉത്തരാഖണ്ഡിലെ ആയുഷ് അധികൃതർക്ക് കൈമാറിയത്.
മാജിക് ആൻഡ് റെമഡീസ് ആക്ട് പ്രകാരം അസുഖങ്ങൾക്ക് മരുന്നുകൾ നിർദേശിച്ചുകൊണ്ടും ഫലസിദ്ധി വാഗ്ധാനം ചെയ്തുമുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങൾക്ക് വിലക്കുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആയുഷ് മന്ത്രാലയം ഡോ. ബാബുവിന്റെ പരാതിയിൽ നാലുതവണ ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റിക്ക് കത്തെഴുതിയിട്ടും ഫലമുണ്ടായിട്ടില്ല.
അതേസമയം, ദിവ്യ ഫാർമസിയിൽനിന്ന് 53 നിയമലംഘനങ്ങളുണ്ടായെന്ന് 2023 മാർച്ച് 28ന് രാജ്യസഭയിൽ വി. ശിവദാസൻ എം.പിക്ക് ആയുഷ് മന്ത്രിയിൽനിന്ന് മറുപടി ലഭിച്ചിരുന്നു. 2023 ഫെബ്രുവരി 14ന് വിഷയത്തിൽ ഇടപെട്ട് കത്തെഴുതിയ കാർത്തി പി. ചിദംബരം എം.പിക്ക് മാജിക് റെമഡീസ് ആക്ട് പ്രകാരം നടപടിയെടുക്കാമെന്ന് ആയുഷ് മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.