‘വിനായകൻ സിനിമ മേഖലയിലെ ലഹരി മാഫിയയുടെ തലവൻ’; ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് പിന്നാലെ ഡി.ജി.പിക്ക് പരാതി

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സതീഷാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.

വിനായകൻ സിനിമ മേഖലയിലെ ലഹരി മാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ക്ക് അജിത്ത് അമീർ ബാവ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വിനായകന്‍റെ ലഹരി-മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.

'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലേ ഇയാൾ ആരോക്കെയാണെന്ന്' -വിനായകൻ ലൈവിൽ ചോദിച്ചു.

വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. വ്യാപക പ്രതിഷേധമാണ് താരത്തിനെതിരെ ഉയര്‍ന്നത്. 

Tags:    
News Summary - Complaint against Vinayakan to DGP for insulting Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.