കൊച്ചി: മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എറണാകുളം ഡി.സി.സി ഓഫിസ് സെക്രട്ടറി കെ.വി. ആൻറണിയുടെ മൊഴിയെടുക്കും. എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായി സാക്ഷിമൊഴിയെടുക്കാനാണ് വിളിപ്പിച്ചിരിക്കുന്നത്.
മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലെ സാക്ഷിയാണ് കെ.വി. ആൻറണി. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി.
എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. നവകേരള സദസ്സിനിടെ വാഹനം തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശം കലാപാഹ്വാനമാണെന്നായിരുന്നു പരാതി. വിഷയത്തിൽ അന്വേഷണം നടത്താൻ എറണാകുളം സെൻട്രൽ പൊലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനായ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെയും മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.