പാലാ: മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ അന്തർദേശീയ വനിതാ കായികതാരത്തെ അസഭ്യം വിളിച്ച് അപമാനിച്ചതായി പരാതി. പിഴക് അമ്പലത്തിങ്കൽ പിന്‍റോ മാത്യു, ഭാര്യ നീന പിന്‍റോ എന്നിവർക്കാണ് സ്‌റ്റേഡിയത്തിൽ നടക്കാനെത്തിയവരിൽനിന്ന് അസഭ്യവും അപമാനപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും കേൾക്കേണ്ടി വന്നത്. സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.
സിന്തറ്റിക് ട്രാക്കിലെ ആറ്, ഏഴ്, എട്ട് ട്രാക്കുകളാണ് നടപ്പുകാർക്കായി നഗരസഭ അനുവദിച്ചിരിക്കുന്നത്. മറ്റ് ട്രാക്കുകൾ പരിശീലന താരങ്ങൾക്കായി അനുവദിച്ചിരിക്കുന്നതാണ്. ട്രാക്ക് മാറി നടക്കുകയായിരുന്ന രണ്ട് ആളുകളോട് പരിശീലനം നടത്തുകയായിരുന്ന നീന ആവശ്യമായ ട്രാക്ക് ഒഴിവാക്കി നടക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിൽ ക്ഷുഭിതരായ നടപ്പുകാർ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം കളിയാക്കുകയും ചെയ്തെന്നാണ് നീന പറയുന്നത്. സംഭവമറിഞ്ഞ് നിരവധി കായികതാരങ്ങളും നഗരസഭ കൗൺസിലർമാരും സ്റ്റേഡിയത്തിൽ എത്തി.
വിവരമറിഞ്ഞെത്തിയ പൊലീസ് പരാതി നൽകിയാൽ വേണ്ടതുചെയ്യാമെന്ന് പറഞ്ഞ് മടങ്ങിയെന്നും വനിതാ കായികതാരം പരാതിപ്പെട്ടു. തുടർന്ന് സ്റ്റേഡിയം വിട്ടുപോകാതെ നീനയും പിന്‍റോയും കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പാലാ സി.ഐ കെ.പി. ടോംസണിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി സ്‌റ്റേഡിയത്തിൽനിന്ന് തന്നെ പരാതി എഴുതിവാങ്ങി.ഏഷ്യൻ ഗെയിംസിൽ ലോങ് ജംപ് വെള്ളി മെഡൽ ജേതാവാണ് നീന. പിന്‍റോ മാത്യു 110 ഹർഡിൽസിൽ ദേശീയ താരമാണ്. ഇരുവരും കോട്ടയം റെയിൽവേയിൽ ടി.ടി.ഇമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.