പൊന്നാനി: പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പൊന്നാനി സ്വദേശിയായ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. സംഭവത്തിൽ യുവതിയുടെ സഹോദരൻ ആരോഗ്യ മന്ത്രിക്ക് രേഖാമൂലം പരാതി നൽകി.
പൊന്നാനി താലുക്കാശുപത്രിക്ക് സമീപം താമസിക്കുന്ന യുവതി ആദ്യ പ്രസവത്തിനായാണ് മാതൃ - ശിശു ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ആശുപതിയിൽ ബ്ലഡ് ബാങ്കോ അനുബന്ധ സൗകര്യങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കുള്ള ചികിത്സ നിഷേധിച്ചത്.
യുവതിക്ക് 90 കിലോ ഭാരമുള്ളതിനാൽ റിസ്ക് എടുക്കാനാവില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.ഗർഭിണികൾക്ക് എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഈ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്നാണ് നേരത്തെ സൂപ്രണ്ടും ജനപ്രതിനിധികളും മുഖ്യമന്ത്രിയടക്കം അവകാശപ്പെട്ടിരുന്നത്.
എന്നാൽ മതിയായ സൗകര്യങ്ങൾ യഥാർത്ഥത്തിൽ ആശുപത്രിയിൽ ഇനിയും ഒരുക്കിയിട്ടില്ല. ഒരു ബ്ലഡ് ബാങ്കു പോലും ആശുപത്രിയിൽ ഇല്ല. എന്നാൽ ഇതെല്ലാം മറച്ചു വെച്ചാണ് ആശുപത്രി അധികൃതരും ജനപ്രതിനിധികളും എല്ലാ സൗകര്യവുമുള്ള സർക്കാർ ആശുപത്രിയാണ് മാതൃ - ശിശു ആശുപത്രിയെന്ന് അവകാശപ്പെട്ടിരുന്നത്.
ആശുപത്രിക്കെതിരെ വിമർശനം ഉന്നയിച്ചാൽ അവരെ കള്ളക്കേസിൽ കുടുക്കുന്നതും ഇവിടെ പതിവാണ്.ഒരു വർഷം മുമ്പ് ഗർഭിണിയായ ഭാര്യക്ക് മതിയായ ചികിത്സ കിട്ടാതെ വന്നപ്പോൾ സോഷ്യൽ മീഡിയയിൽ ലൈവിട്ടതിന് ഭർത്താവിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു.
നേരത്തെയും ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആശുപത്രിക്കെതിരെ ഉയർന്നിരുന്നു. മികച്ച ചികിത്സക്കുള്ള മതിയായ സൗകര്യങ്ങൾ ആശുപത്രിയിൽ ഏർപ്പെടുത്താത്തതാണ് പരാതികൾ വ്യാപകമാവാൻ കാരണം.എന്നാൽ സൗകര്യങ്ങൾ ഏർപ്പെടുത്താത്തത് മറച്ചുവെച്ച് ആശുപത്രി അധികൃതരും ജനപ്രതിനിധികളും ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കുകയും ചെയ്തു. ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഡി.എം.ഒ, ആരോഗ്യ മന്ത്രി എന്നിവർക്കെല്ലാം പരാതി നൽകിയിട്ടുണ്ടെന്ന് യുവതിയുടെ സഹോദരൻ അറിയിച്ചു.
എന്നാൽ സർക്കാർ ഗൈഡ് ലൈൻ പ്രകാരം സെക്കണ്ടറി ആശുപത്രികളിൽ ഇത്തരം കേസുകൾ എടുക്കുന്നതിന് പ്രയാസമുണ്ടെന്നും, യുവതിയുടെ വിഷയം തൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആശ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.