കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കുന്നത്തൂർ സ്വദേശികൾ ഉൾപ്പെടെ നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്തതായി പാതി. ഇതുസംബന്ധിച്ച് ശാസ്താംകോട്ട സ്വദേശി ബി. അജയകുമാർ കൊട്ടാരക്കര റൂറൽ എസ്.പിക്കും ശാസ്താംകോട്ട ഡിവൈ.എസ്.പിക്കും പരാതി നൽകി. അബൂദബിയിൽ ഇത്തിഹാദ് എയർലൈൻസിൽ സ്റ്റോർ കീപ്പറായി ജോലി വാഗ്ദാനം ചെയ്ത മലപ്പുറം സ്വദേശി സജ്ജയ് മേനോൻ, മാതാവ് ജലജ, സുഹൃത്ത് ഷിജിത്ത്, വളാഞ്ചേരി സ്വദേശി അബ്ദുൽ റസാഖ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.
അജയകുമാറിൽനിന്ന് 1.25 ലക്ഷം രൂപയും പോരുവഴി ഇടയ്ക്കാട് തെക്ക് സ്വദേശി ആർ. ഉണ്ണികൃഷ്ണപിള്ളയിൽ ഒരു ലക്ഷം രൂപയും മുതുപിലാക്കാട് സ്വദേശി ജെ.എസ്. ഹരിലാലിൽനിന്ന് 85000 രൂപയും ശൂരനാട് വടക്ക് കണ്ണമം സ്വദേശി അനിരുദ്ധനിൽനിന്ന് 1.25 ലക്ഷം രൂപയുമാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയത്. ഇവർ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ, ചാവക്കാട്, ഗുരുവായൂർ, തൃശൂർ, മലപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ഇരുപതിലധികം പേരിൽനിന്ന് പണം തട്ടിയെടുത്തയായും പൊലീസിൽ പരാതിയുണ്ട്.
ജോലി ലഭിക്കാത്തതിനെത്തുടർന്ന്, മലപ്പുറത്തെ വീട്ടിലെത്തിയ പരാതിക്കാരോട് വിസ ഉടൻ ശരിയാകുമെന്ന് പറഞ്ഞ് സജ്ജയ്മേനോൻ വിശ്വസിപ്പിച്ചു. എന്നാൽ, ഇതുവരെ വിസ ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ല. പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്നും പണം നഷ്ടപ്പെട്ടവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബി. അജയകുമാർ, ആർ. ഉണ്ണികൃഷ്ണപിള്ള, ജെ.എസ്. ഹരിലാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.