തൃശൂർ: എത്യോപ്യയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. വ്യാജ വിസയും വിമാനടിക്കറ്റും അയച്ചു നൽകി തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 24 പേരിൽ നിന്ന് പണം തട്ടിയതായാണ് പരാതി. പെയിന്റ് പണി വാഗ്ദാനം ചെയ്ത് ഓരോരുത്തരിൽ നിന്നായി 75,000 രൂപ വീതം ഡൽഹി ആസ്ഥാനമായുള്ള കമ്പനി തട്ടിയെടുത്തെന്ന് കബളിപ്പിക്കപ്പെട്ടവരാണ് പൊലീസിൽ പരാതി നൽകിയത്.
ഓൺലൈൻ വഴി പരസ്യം കണ്ടാണ് ജോലിക്കായി അപേക്ഷ നൽകിയത്. 75,000 രൂപയാണ് ആവശ്യപ്പെട്ടത്. കരാറും വിസയും വന്നപ്പോൾ ആദ്യ തുകയായ 50,000 നൽകി. പിന്നീട് വിമാനടിക്കറ്റ് വന്നതിനുശേഷം ബാക്കി 25,000 രൂപയും നൽകി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് എത്യോപ്യയിലേക്കുമുള്ള ടിക്കറ്റിന്റെ കോപ്പിയാണ് നൽ
കിയത്. ടിക്കറ്റുമായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിസയും ടിക്കറ്റും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. പ്രതിമാസം അര ലക്ഷം രൂപ ശമ്പളം കിട്ടുമെന്നായിരുന്നു വാഗ്ദാനം. 'എയർ ലിങ്ക്' എന്ന കമ്പനിയാണ് വ്യാജ ടിക്കറ്റു നൽകി കബളിപ്പിച്ചതെന്നാണ് പരാതിയിലുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. തൃശൂർ റൂറൽ എസ്.പിക്ക് പരാതി നൽകി.
അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഡ്രൈവർ, പെയിന്റർ ജോലി നൽകാമെന്ന് മലയാളിയായ ഷെമീൻ ഷെയ്ക്ക് എന്ന് പരിചയപ്പെടുത്തിയയാളാണ് പറഞ്ഞതെന്ന് പരാതിക്കാർ പറയുന്നു. ഉദ്യോഗാർഥികൾ വിളിച്ച കമ്പനി ജീവനക്കാരന്റെ ഫോൺ സ്വിച്ചോഫാണ്.
ഡൽഹിയിലെ ഓഫിസ് രണ്ട് ദിവസം മുമ്പ് പൂട്ടിയതായി പറയുന്നു. ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കുന്ന തരത്തിൽ വിസയുടെ കോപ്പിയും ടിക്കറ്റും തയാറാക്കിയത് എങ്ങനെയെന്ന് വിശദമായ അന്വേഷണം നടത്തിയാലേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.