‘ഇതൊന്നും വെറും മണ്ടത്തരങ്ങളല്ല, ഭാവി ഇന്ത്യയിൽ മലയാളിയായതിന്റെ പേരിൽ മാത്രം നമ്മൾ ആക്രമിക്കപ്പെട്ടേക്കാം’ -വൈറലായി കുറിപ്പ്​

കടയ്ക്കലിൽ സൈനികന്റെ ദേഹത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന വ്യാജ പരാതിയെക്കുറിച്ചുള്ള കുറിപ്പ്​ വൈറൽ. സംഭവത്തിൽ പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മുതുകിൽ പി.എഫ്.ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്തനാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന്‌ സുഹൃത്ത് മൊഴി നൽകി.

ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ടീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചുവെന്നും സുഹൃത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. ഷൈൻ മർദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്‌തില്ലെന്നും ജോഷിയുടെ മൊഴിയിലുണ്ട്.

സുഹൃത്തിന് പണം കൊടുക്കാനായി പോകുന്ന സമയത്ത് വഴിയിൽ കുറച്ച് പേരെ കാണുകയും അവർ തന്നെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് എന്തോ ചാപ്പ കുത്തുകയും ചെയ്തുവെന്നായിരുന്നു സൈനികന്റെ പരാതി. സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് പി.എഫ്.ഐ എന്ന് എഴുതിയതെന്ന് മനസിലായെന്നും പരാതിയിലുണ്ട്. പരാതിയിൽ പലയിടത്തും പൊരുത്തക്കേടുകൾ ഉള്ളതിനാല്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും ഐ.ബിയുമുൾപ്പെടെ അന്വേഷണം നടത്തിയിരുന്നു.

രാജസ്ഥാനിലാണ് ഷൈൻ കുമാർ ജോലിചെയ്യുന്നത്. അവധി കഴിഞ്ഞ് മടങ്ങിപ്പോകുന്നതിന്റെ തലേദിവസമാണ് സംഭവം നടക്കുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിലൽ ഷൈൻ കുമാർ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നെങ്കിലും സുഹൃത്ത് ജോഷി സത്യം തുറന്നുപറയുകയായിരുന്നു.

സംഭവത്തെക്കുറിച്ചുള്ള ഫേസ്​ബുക്ക്​ കുറിപ്പാണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​. ‘ആ വാർത്ത കാണുമ്പോൾ ചിലരെങ്കിലും മണ്ടൻമാരായ ഏതോ സംഘികളുടെ പാളിപ്പോയ ഒരു ശ്രമമായി തെറ്റിദ്ധരിച്ചേക്കാം. ഒരിക്കലുമല്ല. അവന്മാർ മണ്ടന്മാരുമല്ല. ശ്രമം പാളിപ്പോയതുമില്ല’ മനോജ്​ വെള്ളനാട്​ എഴുതിയ കുറിപ്പിൽ പറയുന്നു.


കുറിപ്പിന്‍റെ പൂർണരൂപം താഴെ

ആ വാർത്ത കാണുമ്പോൾ ചിലരെങ്കിലും മണ്ടൻമാരായ ഏതോ സംഘികളുടെ പാളിപ്പോയ ഒരു ശ്രമമായി തെറ്റിദ്ധരിച്ചേക്കാം. ഒരിക്കലുമല്ല. അവന്മാർ മണ്ടന്മാരുമല്ല. ശ്രമം പാളിപ്പോയതുമില്ല.

സംഘികൾ ഏറ്റവും വെറുക്കുന്ന ഭൂപ്രദേശമാണ് കേരളം. ഇവിടെ പ്രളയം വരുമ്പോൾ, നിപ്പ വരുമ്പോൾ ഒക്കെ അവരതിൽ സന്തോഷിക്കുന്നത് അതുകൊണ്ടാണ്. എന്നാൽ ഇവിടെ അവരുദ്ദേശിക്കുന്ന തരത്തിൽ അപര വിദ്വേഷം വളർത്താൻ ഇനിയും അവർക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ഫ്രസ്ട്രേഷൻ തീർച്ചയായും ഉണ്ട്.

അതുകൊണ്ട് തന്നെ ഇവിടുന്ന് അവർക്ക് വേണ്ട വെറുപ്പിന്റെ വാർത്തകൾ കിട്ടിയില്ലെങ്കിൽ ആ വാർത്ത സൃഷ്ടിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അതിന്റെ ഭാഗം മാത്രമാണ് ഈ PFI ഉം പച്ച പെയ്ന്റും എല്ലാം. അമ്പലത്തിലേക്ക് മലമെറിഞ്ഞും മറ്റും മുൻപും അവർ ഇവിടെ കലാപ സാധ്യത പരീക്ഷിച്ചതാണ്.

കേരളത്തെയും മലയാളികളെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മനുഷ്യരെ കൊണ്ട് വെറുപ്പിക്കുക എന്നതാണ് അവരിപ്പോൾ ഈ ചെയ്തു കൊണ്ടിരിക്കുന്നത്. കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്നും മലയാളികൾ അതിന് കൂട്ട് നിൽക്കുന്നവരാണെന്നുമുള്ള തോന്നൽ മറ്റു പ്രദേശങ്ങളിലെ സാധാരണക്കാരിൽ അടിച്ചേൽപ്പിക്കുക.

ഇതിന്റെയൊക്കെ പരിണിത ഫലങ്ങൾ നിസാരമായിരിക്കില്ല. വിദൂരമല്ലാത്ത ഭാവിയിൽ ഇന്ത്യയിൽ മലയാളിയായതിന്റെ പേരിൽ മാത്രം നമ്മൾ ആക്രമിക്കപ്പെട്ടാലും അതിൽ അതിശയമില്ല. മുസ്ലീം ആയതുകൊണ്ട് മാത്രം ബി ജെ പ്പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മനുഷ്യർ ആക്രമിക്കപ്പെടുന്നത് പോലെ.

അതുകൊണ്ട് ഇതൊന്നും മണ്ടൻ സംഘികളുടെ മറ്റൊരു മണ്ടത്തരമായി എഴുതിത്തള്ളരുത്.


Tags:    
News Summary - Kerala Army Jawan, Who Claimed PFI Stamped On His Back, Arrested Over False Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.