നെടുങ്കണ്ടം: വ്യാജരേഖകള്‍ ചമച്ച് സ്വകാര്യ വ്യക്തിയുടെ പേരില്‍ സഹകരണ സംഘം വായ്പയെടുത്തതായി പരാതി. നെടുങ്കണ്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇടുക്കി ജില്ല ഡീലേഴ്‌സ് സഹകരണ സംഘത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചോറ്റുപാറ സ്വദേശി ബ്ലോക്ക് നമ്പർ 328ൽ കെ.ആർ. ശ്രീധരന്‍ പിള്ളയാണ് പരാതിക്കാരൻ. എടുക്കാത്ത വായ്പയുടെ പേരില്‍, ലക്ഷങ്ങള്‍ കടബാധ്യത വരുത്തിവെച്ചതായി സഹകരണ മന്ത്രിക്കും ജില്ല സഹകരണ സംഘം രജിസ്ട്രാര്‍ക്കുമാണ് പരാതി നല്‍കിയത്.
2017ല്‍ ശ്രീധരന്‍പിള്ളയും ഭാര്യ പ്രിയലതയും ബ്ലോക്ക് നമ്പർ 516ൽ സോമരാജൻ എന്നിവർ ചേര്‍ന്ന്, പരസ്പരജാമ്യത്തില്‍ വായ്പ എടുക്കാൻ സംഘത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഓരോര്‍ത്തര്‍ക്കും പശുവളര്‍ത്തലിന് 50,000 രൂപ വീതമാണ് ആവശ്യപ്പെട്ടത്. ഫോട്ടോ ഉൾപ്പെടെ മതിയായ രേഖകളും നൽകിയിരുന്നു. എന്നാല്‍, ബിസിനസ് വായ്പ മാത്രമേ നല്‍കാനാവൂയെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. എന്നാൽ, അപേക്ഷയും രേഖകളും മറ്റും തിരികെ വാങ്ങിയിരുന്നില്ല. പിന്നീട് 2019ല്‍ വായ്പ കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി ജീവനക്കാര്‍ വീട്ടിലെത്തി. വായ്പ തിരിച്ചടക്കാത്തതിനാൽ 40,000 രൂപ പലിശ ചേർത്ത് തുക അടക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവർ എത്തിയത്.
തങ്ങൾ വായ്പ എടുത്തിട്ടില്ലെന്നും ഒരുരൂപ പോലും നൽകാനില്ലെന്നും അറിയിച്ചു മടക്കി അയച്ചു. എന്നാൽ, തങ്ങളുടെ പേരിൽ നിലവില്‍ ഇത് വായ്പയായി നിലനില്‍ക്കുകയായിരുന്നെന്നും വ്യാജ ഒപ്പിട്ട്, സൊസൈറ്റി അധികൃതർ തന്നെ വായ്പ പുതുക്കുകയായിരുന്നെന്നും ശ്രീധരന്‍ ആരോപിക്കുന്നു. എന്നാൽ, ശ്രീധരനും ജാമ്യക്കാരും 2017ൽ വായ്പ എടുക്കുകയും 2019ല്‍ പുതുക്കിയതാണെന്നുമാണ്, സൊസൈറ്റി അധികൃതർ പറയുന്നത്. ചിലര്‍ സംഘത്തെ, തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.