കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചിത്രം പോസ്റ്ററിൽനിന്ന് ഒഴിവാക്കിയെന്ന വിവാദത്തിനു പിന്നാലെ കോൺഗ്രസിൽ കൈയാങ്കളി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മനുകുമാറിനെ ഡി.സി.സി ഓഫിസ് സെക്രട്ടറി ലിബിന്‍ ഐസക് കല്ലുകൊണ്ട് മർദിച്ചെന്നാണ് പരാതി. ഉമ്മൻ ചാണ്ടി അനുകൂലിയായ മനുകുമാറിനെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ ടൗണിൽ ലോഗോസ് സെന്‍ററിലാണ് സംഭവം. കേസിന്‍റെ വക്കാലത്ത് ഒപ്പിടാന്‍ എത്തിയ മനുകുമാര്‍ ലിബിനോട് പോസ്റ്ററിന്‍റെ കാര്യം ചോദിച്ചെന്നും ഇതോടെ ലിബിന്‍ കല്ലുകൊണ്ടു പുറത്ത് ഇടിക്കുകയായിരുന്നുവെന്നുമാണ് പരാതി. അതേസമയം, മനുകുമാർ വിളിച്ചതനുസരിച്ചാണ് താൻ എത്തിയതെന്നാണ് ലിബിന്‍ ഐസക് പറയുന്നത്. ഇതുസംബന്ധിച്ച വാട്സ്ആപ് ചാറ്റും ലിബിന്‍ പുറത്തുവിട്ടു. തന്നെ ആക്രമിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ലിബിൻ വിശദീകരിക്കുന്നു.
ചൊവ്വാഴ്ച കോരുത്തോട്ടിൽ നടന്ന കരുതൽ മേഖല പ്രതിഷേധസംഗമത്തിന്‍റെ പോസ്റ്ററിൽ ഉമ്മൻ ചാണ്ടിയുടെ പടം ഒഴിവാക്കിയതാണ് മർദനത്തിനാധാരമായ സംഭവം. ഡി.സി.സി സംഘടിപ്പിച്ച പരിപാടി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. ഉമ്മൻ ചാണ്ടി വിശ്രമത്തിലായതിനാൽ അദ്ദേഹത്തിന്‍റെ പടം ഒഴിവാക്കിയെന്നും പങ്കെടുക്കുന്നവരുടെ മാത്രം പടം നൽകിയെന്നുമാണ് ഡി.സി.സി നേതൃത്വം പറയുന്നത്.
എന്നാൽ, ഈരാറ്റുപേട്ടയിൽ ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് മഹാസമ്മേളനം നടത്തിയതിന്‍റെ പ്രതികാരമാണിതെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. മഹാസമ്മേളനത്തിന്‍റെ പോസ്റ്ററിൽ ആദ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും പടം ഉണ്ടായിരുന്നില്ല. പരാതി ഉയർന്നതിനെ തുടർന്ന് പിന്നീട് പടം ഉൾപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.