തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാതെ ഗവർണർ തൊടുപുഴയിൽ എത്തിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. അതേസമയം, കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. സ്വകാര്യ വാഹനങ്ങളും ഓട്ടോ ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങി. രാവിലെ നടന്ന പ്രകടനത്തിടെ ഹൈറേഞ്ചിലടക്കം ചില വാഹനങ്ങൾ തടഞ്ഞു. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു.
തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ചൊവ്വാഴ്ച രാവിലെ 44 ബസുകൾ സർവിസ് നടത്തി. ജില്ലയിൽ ഹൈറേഞ്ചിലേക്കുള്ള നാല് സർവിസുകൾ മാത്രമാണ് മുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധവുമായെത്തിയ സമരാനുകൂലികൾ കസേരയും ചെടിച്ചെട്ടികളും തകർത്തു. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഗവർണർ തൊടുപുഴയിലെത്തിയതോടെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത് സംഘർഷത്തിലേക്ക് നീങ്ങി. കനത്ത പൊലീസ് വലയത്തിലായിരുന്ന നഗരത്തില്‍ എട്ടോളം ഇടങ്ങളില്‍ കരിങ്കൊടി പ്രതിഷേധം ഉണ്ടായെങ്കിലും അനിഷ്ടസംഭവമൊന്നുമുണ്ടായില്ല.
കട്ടപ്പന: ഹർത്താൽ ഹൈറേഞ്ചിൽ പൂർണമായിരുന്നു. നിരത്തുകളിൽനിന്ന് സ്വകാര്യ ബസുകൾ വിട്ടുനിന്നു. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു. കട്ടപ്പന സെൻട്രൽ ജങ്ഷനിൽ സമരാനുകൂലികൾ വാഹനം തടഞ്ഞെങ്കിലും പിടിച്ചിട്ടില്ല. ദേശസാത്കൃത ബാങ്കുകൾ പലതും അടഞ്ഞാണ് കിടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.