തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്സിനേഷൻ നടത്തി ഘട്ടംഘട്ടമായി സഞ്ചാരികൾക്കായി തുറക്കാൻ തീരുമാനം.
വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും പ്രത്യക്ഷമായോ പരോക്ഷമായോ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുമെല്ലാം വാക്സിൻ നൽകി ഇത്തരം മേഖലകളെ സുരക്ഷിത കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടമെന്ന നിലയിൽ വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി മേഖലകളിലാണ് കുത്തിവെപ്പ് നൽകുകയെന്ന് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഏഴ് ദിവസം കൊണ്ട് ഇൗ രണ്ടിടങ്ങളും വാക്സിൻ വിതരണം പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറക്കും. ഒന്നാം ഡോസ് ലഭ്യമാക്കിയവർക്ക് രണ്ടാം ഡോസും അല്ലാത്തവർക്ക് ആദ്യ ഡോസുമാണ് നൽകുക.
ടൂറിസം വകുപ്പ് തയാറാകുന്ന പട്ടികയനുസരിച്ച് മുൻഗണനാടിസ്ഥാനത്തിലാണ് വിനോദമേഖലക്കുള്ള വാക്സിൻ വിതരണം. ഇത്തരത്തിൽ എല്ലാ ജില്ലയിലും രണ്ട് വിനോദകേന്ദ്രങ്ങൾ വീതം വാക്സിൻ സമ്പൂർണമാക്കി തുറക്കാനാണ് സർക്കാർ തീരുമാനം. അടുത്തഘട്ടമെന്ന നിലയിൽ മൂന്നാർ, തേക്കടി, ഫോർട്ട് കൊച്ചി, കുമരകം, കോവളം, വർക്കല എന്നിവിടങ്ങളിൽ വാക്സിൻ നൽകും. രാജ്യത്ത് ആദ്യമായാണ് ടൂറിസം മേഖലക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനുള്ള ഇത്തരമൊരു നീക്കം. ഇതുവഴി ആഭ്യന്തര, വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്ത് 15 ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. കോവിഡ് ഒന്നും രണ്ടും തരംഗങ്ങൾ ഇൗ മേഖലയിൽ കനത്ത പ്രഹരമാണ് സൃഷ്ടിച്ചത്.
34,000 കോടിയാണ് കഴിഞ്ഞവർഷത്തെ നഷ്ടം. 2019 ൽ 45,000 കോടി വരുമാനം ലഭിച്ച സാഹചര്യത്തിലാണിത്. എല്ലാ പഞ്ചായത്തിലും ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ടൂറിസം വകുപ്പിനെ കൂടുതൽ ജനകീയമാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.