കേരള സർക്കാർ പാസാക്കിയ സമഗ്ര സഹകരണ സംഘം ഭേദഗതി നിയമം കൊണ്ടുള്ള നേട്ടവും കോട്ടവും

എ.കെ. മുഹമ്മദലി

കേരള നിയമസഭ പാസാക്കി ഗവർണർ ഒപ്പുവെക്കുകയും ചെയ്തതോടെ സമഗ്ര സഹകരണ സംഘം ഭേദഗതി നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. സമഗ്ര സഹകരണ സംഘം ഭേദഗതി നിയമം കൊണ്ടുള്ള നേട്ടങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടുകയാണ് കോ ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ലേഖകൻ)

കേരള നിയമസഭയിൽ 2022 ഡിസമ്പറിൽ ബിൽ നമ്പർ 151 ആയി അവതരിപ്പിച്ച സഹകരണ സംഘം ഭേദഗതി ബിൽ 12.12.2022ന് സഹകരണമന്ത്രി ചെയർമാനായി രൂപീകരിച്ച 15 അംഗ സെലക്ട് കമ്മറ്റിയുടെ പരിഗണനക്ക് വിടുകയും വിവിധ മേഖലകളിലെ ചർച്ചകൾക്ക് ശേഷം 4.8 2023ന് കമ്മറ്റി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഭേദഗതികളോടെ സഭ ഐക്യകണ്ഠേന പാസ്സാക്കിയ ബിൽ 2024 ഏപ്രിൽ 26ന് ഗവർണർ ഒപ്പുവെക്കുകയും 2024 ജൂൺ 7ന് നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കുകയും ചെയ്തതോടെ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു.

സംഘങ്ങളുടെ എണ്ണവും അവയുടെ പ്രവർത്തനങ്ങളും പലമടങ്ങ് വർധിക്കുകയും നിക്ഷേപം രണ്ട് ലക്ഷം കോടി രൂപയായി വർധിക്കുകയും ചെയ്തതിലൂടെ സഹകരണ മേഖല അഭൂതപൂർവമായ പുരോഗതി കൈവരിച്ച സാഹചര്യവും മേഖലയിൽ നിന്നും ഇടക്കിടെയുണ്ടാകുന്ന അനഭിലഷണീയ പ്രവർത്തനങ്ങളും ശ്രദ്ധയിൽപെട്ട സാഹചര്യവും പുതിയ വെല്ലുവിളികൾ നേരിടുവാനും സ്ഥാപനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുവാനും സഹകരണ മേഖലയുടെ സമഗ്രമായ നവീകരണം ആവശ്യമാണെന്നും അതിനായാണ് ഭേദഗതി കൊണ്ടു വരുന്നതെന്നുമാണ് സർക്കാർ വാദം.

കൂട്ടിച്ചേർത്തതും പരിഷ്കരിച്ചതുമായ 57 വ്യവസ്ഥകളാണ് നിയമത്തിൽ പുതുതായി കൊണ്ടുവന്നിട്ടുള്ളത്. പുതിയ ഭേദഗതിക്കനുസൃതമായി നിർവചനങ്ങളിലും ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. അക്കൗണ്ട്സ് ഓഡിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ്, കോമൺ സോഫ്റ്റ് വെയർ, കൺസോർഷ്യം, ഫെഡറൽ സഹകരണ സംഘം, പ്രാഥമിക കാർഷിക വായ്പസംഘം, പ്രാഥമിക വായ്പസംഘം, പ്രാഥമിക സഹകരണ സംഘം, റജിസ്ട്രാർ, സാമൂഹ്യ സഹകരണ സംഘം, സംസ്ഥാന സഹകരണ കാർഷിക-ഗ്രാമീണ-വികസന ബാങ്ക്, യുവജന സഹകരണ സംഘം എന്നീ നിർവചനങ്ങളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. വായ്പേതര സംഘങ്ങൾ റജിസ്റ്റർ ചെയ്യാനുള്ള കുറഞ്ഞ ഓഹരിമൂലധനം ഒരു ലക്ഷം രൂപയായും വായ്പ സംഘങ്ങളുടേത് രണ്ടരലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്. എന്നാൽ പട്ടികജാതി/പട്ടികവർഗം, മത്സ്യബന്ധനം, വനിത, ട്രാൻസ്ജെൻഡർ, ആനന്ദ് മാതൃക ക്ഷീരോൽപാദക സംഘം, സ്കൂൾ, കോളജ്, പരമ്പരാഗത വ്യവസായ സംഘങ്ങൾ എന്നിവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംഘങ്ങളുടെ സംയോജനത്തിനും വിഭജനത്തിനും പൊതുയോഗത്തിന്‍റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നത് കേവല ഭൂരിപക്ഷമെന്നാക്കി ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് സഹകരണം എന്ന മഹത്തായ ആശയത്തിന്‍റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന നടപടിയാണ്. സംഘങ്ങളുടെ വൈവിധ്യവൽക്കരണവും വിപുലീകരണവും ലക്ഷ്യം വെച്ച് രൂപീകരിക്കുന്ന അനുബന്ധ സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഒന്നിൽ കൂടുതൽ സംഘങ്ങൾ ചേർന്ന് കൺസോർഷ്യം രൂപീകരിക്കുന്നതിനും അതിനായുള്ള ഫണ്ട് സമാഹരണത്തിനും കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘം നിയമാവലി വ്യവസ്ഥകൾക്ക് വിധേയമായി വായ്പ സൗകര്യമുൾപ്പെടെ അംഗങ്ങൾക്കുള്ള വിവിധ സേവനങ്ങളും അവകാശങ്ങളും നാമമാത്ര അംഗങ്ങൾക്കും അനുവദിക്കാവുന്നതും അങ്ങിനെയുള്ള ബാദ്ധ്യതകൾക്കും വിധേയരാക്കുന്നതുമായിരിക്കും. സംഘത്തിന്‍റെ പൊതുയോഗം ഓഹരി മൂലധനം ഉയർത്താൻ തീരുമാനമെടുക്കുന്ന തീയതി മുതൽ 5 വർഷക്കാലത്തേക്ക് ഒരു അംഗത്തിന് അംഗത്വത്തിൽ തുടരാവുന്നതും എന്നാൽ കൈവശമുള്ള ഓഹരികളുടെ ഉയർത്തിയ മൂല്യം ഒടുക്കുന്ന മുറക്ക് മാത്രമേ അംഗമെന്ന നിലയിലുള്ള അവകാശങ്ങൾ വിനിയോഗിക്കുവാൻ കഴിയുകയുള്ളൂ. ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിലെ ന്യൂനതാ സംഗ്രഹവും ഭരണസമിതിയും പൊതുയോഗവും അംഗീകരിച്ച തിരുത്തൽ റിപ്പോർട്ടും പരിശോധിക്കുവാൻ അംഗങ്ങൾക്ക് അവകാശമുണ്ടായിരിക്കും. ആർ.ബി.ഐയുടെ നിയന്ത്രണത്തിലുള്ള അർബൻ സഹകരണ ബാങ്കുകളിൽ ഒരംഗത്തിന് എടുക്കാവുന്ന പരമാവധി ഓഹരി തുക ബാങ്കിന്‍റെ അടച്ച് തീർത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്.

സംഘങ്ങളുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാനമായ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്. നിക്ഷേപക സംവരണ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നവർക്ക് സംഘത്തിൽ ഇരുപത്തയ്യായിരം രൂപയുടെ നിക്ഷേപം ഉണ്ടായിരിക്കണം. നേരത്തെ ഇത് പതിനായിരം രൂപയായിരുന്നു. ഭരണസമിതിയിലെ രണ്ട് സീറ്റുകൾ നാപ്പത് വയസിൽ അധികരിക്കാത്ത അംഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒന്ന് ജനറൽ വിഭാഗത്തിൽ നിന്നും മറ്റൊന്ന് വനിത സംവരണ വിഭാഗത്തിൽ നിന്നുമായിരിക്കും. സഹകരണ സംഘങ്ങളുടെ ഭരണ സംവിധാനത്തിൽ യുവ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ഈ ഭേദഗതി തികച്ചും സ്വാഗതാർഹമാണ്. ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ ആറ് മാസത്തിനകം രണ്ട് വിദഗ്ദരെ ഭരണസമിതിയിലേക്ക് കോ -ഓപ്റ്റ് ചെയ്യേണ്ടതും അല്ലാത്ത പക്ഷം നിയമാനുസൃതം നോട്ടിസ് നൽകി സർക്കാർ നോമിനേറ്റ് ചെയ്യുന്നതുമായിരിക്കും. ഒരു വായ്പ സംഘത്തിന്‍റെ ഭരണസമിതിയിലേക്ക് ഒരാൾക്ക് തുടർച്ചയായി തെരഞ്ഞെടുക്കപ്പെടാവുന്നത് മൂന്ന് ടേമായി പരിമിതപ്പെടുത്തി. സെലക്ട് കമ്മറ്റിയുടെ റിപ്പോർട്ടിൽ ഇത് രണ്ട് തവണയായിരുന്നു. ഒരേ വ്യക്തികൾ തുടർച്ചയായി സംഘത്തിന്‍റെ ഭരണത്തിലിരിക്കുന്നതിലൂടെ അഴിമതിയും ക്രമക്കേടും കൂടി വരുന്നു എന്ന വിലയിരുത്തലാണ് കാലാവിധി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നിൽ. നിയമനിർമാണ സഭകളിലോ പഞ്ചായത്തീരാജ് സംവിധാനത്തിലോ ഇല്ലാത്ത ഈ നിയന്ത്രണം നിയമ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. ഒരാൾ ഒരേ തരത്തിലുള്ള ഒന്നിൽ കൂടുതൽ സംഘങ്ങളിലോ വ്യത്യസ്ഥ തരത്തിലുള്ള രണ്ടിൽ കൂടുതൽ സംഘങ്ങളിലോ പ്രസിഡന്‍റ് / ചെയർമാൻ പദവി വഹിക്കാൻ പാടില്ലെന്നും ഭേദഗതി ചെയ്തിട്ടുണ്ട്. സംസ്ഥാന സഹകരണ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ് ചുമതലയും സഹകരണ തെരഞ്ഞെടുപ്പ് കമീഷന് നൽകിയിട്ടുണ്ട്.

കമ്മറ്റി അംഗങ്ങളുടേയും ജീവനക്കാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും (ഭാര്യ, ഭർത്താവ്, ദത്ത് കുട്ടികൾ ഉൾപ്പെടെയുള്ള കുട്ടികൾ, മാതാപിതാക്കൾ) തൊട്ടു മുൻവർഷത്തെ സംഘത്തിലെ ബാധ്യത സംബന്ധിച്ച ലിസ്റ്റും സംഘത്തിന്‍റെ വാർഷിക പൊതുയോഗത്തിൽ പരിഗണനക്കെടുക്കണമെന്ന് ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. റജിസ്ട്രാർക്കോ സഹകരണ ഓഡിറ്റ് ഡയറക്ടർക്കോ അദ്ദേഹം നിയോഗിക്കുന്ന മറ്റൊരാൾക്കോ സംഘത്തിന്‍റെ കമ്മറ്റിയിലോ പൊതുയോഗത്തിലോ പങ്കെടുക്കാൻ അധികാരമുണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്പെൻഡ് ചെയ്യാനുള്ള നിർദേശം കരട് ഭേദഗതിയിൽ ഉണ്ടായിരുന്നുവെങ്കിലും നിയമം ദുരുപയോഗം ചെയ്യുവാനുള്ള സാധ്യത പരിഗണിച്ച് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക വായ്പസംഘങ്ങളും നേരത്തെ തന്നെ കംപ്യൂട്ടറൈസേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റൽ ഇടപാടുകളടക്കം ഭംഗിയായി നടത്തിവരുന്നുമുണ്ട്. കേന്ദ്രത്തിന്‍റെ കോമൺ സോഫ്റ്റ് വെയർ പദ്ധതിയോട് മുഖം തിരിച്ച് നിൽക്കുന്ന സംസ്ഥാന സർക്കാർ സ്വന്തമായ കോമൺ സോഫ്റ്റ് വെയർ പദ്ധതിയുമായി മുന്നോട്ട് പോവുന്നതിനായി നിയമഭേദഗതിയും കൊണ്ട് വന്നിട്ടുണ്ട്. വ്യത്യസ്ഥ സോഫ്റ്റ് വെയർ ഉപയോഗിക്കുമ്പോൾ തന്നെ സ്വിച്ചിങ് വഴി സംഘങ്ങൾക്ക് പരസ്പരം ഇടപാടുകൾ നടത്താമെന്നിരിക്കെ വൈവിധ്യമാർന്ന വായ്പ, നിക്ഷേപ പദ്ധതികളും വിവിധങ്ങളായ വായ്പേതര പ്രവർത്തനങ്ങളും സുഗമമായി നടത്താൻ കോമൺ സോഫ്റ്റ് വെയർ എത്രത്തോളം പര്യാപ്തമാവുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. ഇക്കാര്യത്തിൽ ചില ജില്ലകളിൽ പരീക്ഷിച്ച പൈലറ്റ് പ്രോജക്ട് പദ്ധതി വിജയകരമായിരുന്നില്ല. അസാധാരണ സാഹചര്യത്തിൽ പ്രവർത്തനം തുടർന്ന് കൊണ്ട് പോവാൻ കഴിയാത്ത സംഘങ്ങളെ സഹായിക്കാൻ ഗസറ്റ് വിജ്ഞാപനത്തിലൂടെ സഹകരണ പുനരുദ്ധാരണ ഫണ്ട് പദ്ധതിക്ക് രൂപം നൽകാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ പ്രവർത്തന ലാഭത്തിൽ നിന്നും മാറ്റിവെക്കുന്ന കരുതൽ ധനത്തിന്‍റെയും കാർഷിക വായ്പ സമീകരണ ഫണ്ടിന്‍റെയും അമ്പത് ശതമാനത്തിൽ അധികരിക്കാത്ത തുകയാണ് ഇതിന്‍റെ മുഖ്യ സ്രോതസ്സ്. കാര്യപ്രാപ്തിയും ഉത്തരവാദിത്വബോധവുമുള്ള ഭരണസമിതിയുടെയും അർപ്പണബോധമുള്ള ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായിട്ടാണ് സ്ഥാപനങ്ങൾ നന്നായി പ്രവർത്തിക്കുന്നതും വളരുന്നതും. അതിലൂടെ കൈവരിക്കുന്ന മിച്ചധനത്തിൽ നിന്നും നിയമപ്രകാരം നീക്കി വെക്കുന്ന കരുതൽ തുക അഴിമതിയും ധൂർത്തും കൊള്ളയും നടത്തി ഈ മേഖലക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനെന്ന പേരിൽ അടിച്ചു മാറ്റുന്നത് മിതമായി പറഞ്ഞാൽ പകൽ കൊള്ളയല്ലാതെ മറ്റെന്താണ്.

സംഘംവായ്പ നൽകുമ്പോൾ വ്യക്തിഗത പരമാവധി കടമെടുക്കൽ പരിധിയിൽ കവിഞ്ഞാൽ ചീഫ് എക്സിക്യൂട്ടീവും കമ്മറ്റിയും ഉത്തരവാദിയാവും. സഹകരണ സ്ഥാപനങ്ങളിൽ പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള വായ്പകൾക്ക് ഈടായി പണയപ്പെടുത്തുന്ന സ്ഥാവര സ്വത്തുക്കളുടെ മൂല്യനിർണ്ണയം ചീഫ് എക്സിക്യൂട്ടീവ് ഉൾപ്പെടെയുള്ള രണ്ട് ജീവനക്കാർ, രണ്ട് ഭരണസമിതി അംഗങ്ങൾ, ഭരണസമിതി അധികാരപ്പെടുത്തിയ സ്വതന്ത്ര വാല്യുവേറ്റർ എന്നിവരടങ്ങുന്ന അഞ്ചംഗ സമിതി നടത്തേണ്ടതാണ്. സംഘങ്ങൾ തനത് ഫണ്ട് ഉപയോഗിച്ച് സ്ഥാവര സ്വത്തുക്കൾ ആർജിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബാധ്യസ്ഥരായ സംഘങ്ങൾക്ക് ആവശ്യമായ ധനകാര്യ സ്റ്റേറ്റ്മെന്‍റുകൾ സാമ്പത്തിക വർഷം അവസാനിച്ച് മൂന്നു മാസത്തിനകം ഓഡിറ്റർ യഥാവിഥി സാക്ഷ്യപ്പെടുത്തി നൽകേണ്ടതാണ്. സംഘങ്ങളുടെ ഓഡിറ്റിങ് കുറ്റമറ്റതാക്കാൻ ടീം ഓഡിറ്റിന് ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. അക്കൗണ്ട്സ് ഓഡിറ്റും അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റും ഇതിന്‍റെ ഭാഗമായിരിക്കും. ഒരു ഓഡിറ്ററോ ഓഡിറ്റിങ് സ്ഥാപനമോ ഓഡിറ്റ് ടീമോ തുടർച്ചയായി രണ്ടിൽ കൂടുതൽ തവണ ഒരു സംഘത്തിന്‍റെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ പാടില്ല. ഇൻഫർമേഷൻ സിസ്റ്റത്തിന്‍റെ ഓഡിറ്റും സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ പരിശോധനയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടിൽ ചൂണിക്കാണിക്കുന്ന പോരായ്മകളും ക്രമക്കേടുകളും പരിഹരിക്കുവാൻ കമ്മറ്റി നടപടി കൈക്കൊള്ളേണ്ടതും അടുത്ത പൊതുയോഗം മുമ്പാകെ വെക്കേണ്ടതും എടുത്ത നടപടി പതിനഞ്ച് ദിവസത്തിനകം റജിസ്ട്രാറേയും ഓഡിറ്റ് ഡയറക്ടറേയും അറിയിക്കേണ്ടതുമാണ്. വായ്പ സംഘങ്ങൾ ത്രൈമാസ റിപ്പോർട്ട് റജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതും വീഴ്ചവരുത്തുന്ന സംഘത്തിൽ നിന്നും പതിനായിരം രൂപവരെയുള്ള ഫൈൻ ഈടാക്കാവുന്നതുമാണ്. സഹകരണ ഓംബുഡ്സ്മാൻ പദ്ധതി എല്ലാ തരം സംഘങ്ങൾക്കും ബാധകമാക്കി. നേരത്തെയിത് ബാങ്കിങ് ഇടപാടുകൾ നടത്തുന്ന സംഘങ്ങൾക്ക് മാത്രമായിരുന്നു.

സംഘം ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ റജിസ്ട്രാർക്ക് അധികാരം നൽകുന്ന ഭേദഗതിയും കരട് നിർദേശത്തിലുണ്ടായിരുന്നു. നിയമന അതോറിറ്റി ഭരണ സമിതിയാകയാൽ ഉണ്ടാകുന്ന നിയമപ്രശ്നവും വ്യാപകമായ എതിർപ്പും കണക്കിലെടുത്താണ് നിർദേശം ഒഴിവാക്കിയത്. ജീവനക്കാരുടെ നിയമനങ്ങൾ ക്രമപ്പെടുത്തുവാൻ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി. നിയമനങ്ങളിൽ പട്ടികജാതി / പട്ടികവർഗ സംവരണത്തിനും അംഗവൈകല്യമുള്ളവരുടെ സംവരണത്തിനും റൊട്ടേഷൻ വ്യവസ്ഥ കരട് നിർദേശത്തിലുണ്ടായിരുന്നു. എന്നാൽ സംവരണ ശതമാനവുമായി ഇത് പൊരുത്തപ്പെടുത്തപ്പെടുന്നില്ലെന്ന കാര്യം സെലക്ട് കമ്മറ്റിയെ ബോദ്ധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ റൊട്ടേഷൻ വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു. നിയമനങ്ങളിൽ അംഗവൈകല്യമുള്ളവർക്കുള്ള സംവരണം നാല് ശതമാനമായി ഉയർത്തി. നേരത്തെയിത് മുന്ന് ശതമാനമായിരുന്നു . കേരള ഗവൺമെന്‍റ് സർവന്‍റ്സ് കോൺഡക്ട് റൂൾ 67, 69, 70, 71 എന്നിവ സഹകരണ ജീവനക്കാർക്കും ബാധകമാക്കാനുള്ള നിർദേശം കരട് ദേഭഗതിയിൽ ഉണ്ടായിരുന്നു. സഹകരണ ജീവനക്കാർക്കായി ഏകീകൃത സേവന ചട്ടങ്ങളും പെരുമാറ്റചട്ടങ്ങളും രൂപീകരിക്കാനായി നിയോഗിക്കപ്പെട്ട സബ് കമ്മറ്റി ഗവൺമെന്‍റിന് റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ ധിറുതിപിടിച്ചുള്ള ഭേദഗതിയുടെ കാര്യം സെലക്ട് കമ്മറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയതിനാൽ ഒഴിവാക്കിയിട്ടുണ്ട്. സഹകരണ സ്വാശ്രയ പെൻഷൻ പദ്ധതിയിൽ സംസ്ഥാന സഹകരണ യൂണിയൻ ജീവനക്കാരേയും ഉൾപ്പെടുത്തി. എല്ലാ സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലർക്കും അതിനു മുകളിലുള്ള തസ്തികകളിലേക്കുമുള്ള നിയമനം സഹകരണ പരീക്ഷ ബോർഡ് മുഖേന നടത്തേണ്ടതാണ്. നേരത്തെ ഇത് പ്രാഥമിക വായ്പ സംഘങ്ങൾ, അർബൻ സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ എന്നിവയിലെ നിയമനങ്ങൾക്ക് മാത്രമായിരുന്നു.

1969 ലെ സഹകരണ നിയമത്തിലെ 63 , 64 , 65 , 66 , 68 , 69 , 70 , 74 , 76 എന്നീ വകുപ്പുകളിൽ വരുത്തിയ ഭേദഗതികളിലൂടെ സഹകരണ റജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ , വിജിലൻസ് ഓഫീസർ , പോലീസ് എന്നിവർക്ക് വിപുലമായ അധികാരങ്ങളാണ് നൽകിയിട്ടുള്ളത്. ഇത് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുവാനും ഭരണ സമിതിയോടും ജീവനക്കാരോടും പകപോക്കലിനായി ഉപയോഗപ്പെടുത്തുവാനുമുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

Tags:    
News Summary - Comprehensive Cooperatives Amendment Act passed by the Government of Kerala- Advantages and Disadvantages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.