മാവൂർ(കോഴിക്കോട്): നിർമാണത്തിനിടെ ഇരുനില വീട് തകർന്നുവീണ് ഒമ്പത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. അകത്തുകുടുങ്ങിക്കിടന്ന രണ്ടുപേരെ നാട്ടുകാരും അഗ്നിരക്ഷ സേനാംഗങ്ങളും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ചെറുകുളത്തൂരിൽ 'എസ്'വളവിൽ പാടേരി ഇല്ലത്തിനുസമീപം വെണ്ണാറ പറമ്പത്ത് അരുൺദാസിെൻറ 'മേേല തടോളി'വീട് തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തകർന്നത്.
മുകൾനിലയിൽ സിമൻറ് തേപ്പ് നടക്കുന്നതിനിടെ വീട് ഒന്നടങ്കം നിലംപൊത്തുകയായിരുന്നു. കൊൽക്കത്ത സ്വദേശികളായ അത്താർ ഹുസൈൻ (37), നസീം ഖാൻ (23), അസാത്തുൽ (30), റജബ് (33), ജമീൽ (28), മുബാറക് (19), റാണ (22), ഫിദാസ് ഖാൻ (25), തുഫിജുൽ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട് നിർമിച്ചു വിൽക്കുന്നവരിൽനിന്ന് അഞ്ചുവർഷം മുമ്പാണ് അരുൺദാസ് വീട് വാങ്ങിയത്. മാസങ്ങൾക്കുമുമ്പ്, ഓടിട്ട മേൽക്കൂര പൊളിച്ച് കോൺക്രീറ്റ് ചെയ്യുകയും രണ്ടാംനില സിമൻറുകട്ട ഉപയോഗിച്ച് പടുത്തുയർത്തുകയും ചെയ്തു. ഇതിെൻറ മേൽക്കൂരയുടെ കോൺക്രീറ്റ് ഒരു മാസംമുമ്പാണ് പൂർത്തിയാക്കിയത്. വീട് തകർന്നുവീഴുന്നതിനിടെ ഏതാനും പേർ ചാടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
പുറത്തെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ മറ്റുള്ളവരെ കൂടെയുള്ളവരും നാട്ടുകാരും േചർന്ന് രക്ഷപ്പെടുത്തി. ബീമിെൻറ അടിയിൽ കാൽ കുടുങ്ങിയയാളെ ജാക്കി ലിവർ ഉപയോഗിച്ച് ഉയർത്തിയും ഉള്ളിൽ കുടുങ്ങിക്കിടന്ന മറ്റൊരാളെ മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിലൊടുവിൽ മെയിൻ കോൺക്രീറ്റ് കട്ട്ചെയ്ത് അകത്ത് ഇറങ്ങിയുമാണ് രക്ഷപ്പെടുത്തിയത്. ചുമരും കല്ലും ബീമുകളും താങ്ങിനിന്നതിനാലാണ് ഇവർ മരണത്തിൽനിന്ന് രക്ഷപ്പെട്ടത്.
ബലംകുറഞ്ഞ അടിത്തറയും ചുമരുമുള്ള വീടിെൻറ മുകൾഭാഗം പടുത്തുയർത്തിയതാണ് അപകടത്തിനുകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർ യൂനിറ്റുകളും ഡെപ്യൂട്ടി കമീഷണർ സപ്നിൽ എം. മഹാജെൻറ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.