ഡോ. ഷഹനയുടെ മരണം: റുവൈസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനി ഡോ. ഷഹന ആത്​മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സഹപാഠി ഡോ. ഇ.എ. റുവൈസിന് ജാമ്യം. അന്വേഷണം പൂർത്തിയാക്കാൻ പ്രതി കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന്​ വിലയിരുത്തിയാണ്​ ഹൈകോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ.

ഡിസംബർ നാലിനാണ് ഷഹന ആത്മഹത്യ ചെയ്തത്. റുവൈസുമായി നിശ്ചയിച്ചിരുന്ന വിവാഹം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്ന് മുടങ്ങിയതിനാൽ ഷഹന ജീവനൊടുക്കിയെന്നാണ്​ കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന്​ പുറമേ സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾകൂടി ചുമത്തിയാണ് റുവൈസിനെ ഡിസംബർ ഏഴിന് അറസ്റ്റ് ചെയ്തത്.

സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും കോഴ്‌സ് പൂർത്തിയാക്കിയശേഷം വിവാഹം മതിയെന്ന ആവശ്യം ഷഹന സമ്മതിക്കാത്തതാണ് മുടങ്ങാൻ കാരണമെന്നും റുവൈസ് ജാമ്യാപേക്ഷയിൽ വാദിച്ചു. അറസ്റ്റിലായതിനാൽ മെഡിക്കൽ പി.ജി പഠനം മുടങ്ങി. ജയിലിൽ കഴിയുന്നത് കരിയറിനെ ബാധിക്കും. മെഡിക്കൽ പി.ജി സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഡോ. വന്ദനയുടെ മരണത്തിൽ സർക്കാറിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് കേസിൽ കുടുക്കിയതെന്നും റുവൈസ് വാദിച്ചു.

എന്നാൽ, ആത്മഹത്യാക്കുറിപ്പിൽ റുവൈസിനെതിരെ പരാമർശങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാലും സസ്പെൻഷനിലുള്ള ഇയാളെ പഠനം തുടരാൻ അനുവദിക്കണോയെന്ന്​ തീരുമാനിക്കുന്നത് ആരോഗ്യ സർവകലാശാലയുടെ അച്ചടക്ക സമിതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിലും കർശന ഉപാധികളോടെ ജാമ്യം നൽകാമെന്ന് ജസ്റ്റിസ്​ പി. ഗോപിനാഥ്​ വിലയിരുത്തി. ജാമ്യം പി.ജി പഠനം തുടരാനുള്ള അവകാശമായി വ്യാഖ്യാനിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചിരുന്നു. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.

റുവൈസ് ഭീമമായ സ്ത്രീധനം ചോദിച്ചതിനെ തുടർന്ന് വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തത്. കരുന്നാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നായിരുന്നു പൊലീസ് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഡോ. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.ഷഹാന ആത്മഹത്യ ചെയ്തതിനു പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് പി.ജി ഡോക്ടർമാരുടെ സംഘടന (കെ.എം.പി.ജി.എ) നീക്കിയിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.

Tags:    
News Summary - Conditional bail granted to Dr Ruwais

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.