അലനല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിഭാഗീയത നിലനിൽക്കെ അലനല്ലൂരിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷം. ചൊവ്വാഴ്ച രാവിലെ 10ന് വ്യാപാര ഭവനിലാണ് ഏറ്റുമുട്ടിയത്. അലനല്ലൂർ യൂനിറ്റ് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലിയുള്ള അവകാശ തർക്കം കോടതിയുടെ പരിഗണനയിലിരിക്കെ വ്യാപാരഭവനിൽ ഇരുവിഭാഗങ്ങളും ഒരേസമയത്ത് പരിപാടികൾ സംഘടിപ്പിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
ബാബു കോട്ടയിൽ വിഭാഗം യൂനിറ്റ് പ്രസിഡൻറ് കെ. ലിയാഖത്ത് അലിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ടി. നസിറുദ്ദീൻ വിഭാഗം യൂനിറ്റ് പ്രസിഡൻറ് സുബൈർ തുർക്കിയുടെ നേതൃത്വത്തിൽ പഠന ക്ലാസും ഒരേസമയത്ത് വ്യാപാര ഭവനിൽ സംഘടിപ്പിച്ചിരുന്നു. സ്വീകരണ പരിപാടി തുടങ്ങാനിരിക്കെ മറുവിഭാഗം സ്ഥലത്തെത്തി ചടങ്ങ് നടക്കുന്നിടത്തേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ, മെംബർഷിപ് ഇല്ലാത്തവരെ അകത്തേക്ക് കയറ്റില്ലെന്ന് കെ. ലിയാക്കത്തലിയുടെ നേതൃത്വത്തിലുള്ളവർ പറഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. ഇതോടെ പ്രദേശത്ത് നേരത്തേ നിലയുറപ്പിച്ചിരുന്ന പൊലീസ് ലാത്തിവീശി. സുബൈർ തുർക്കി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
സംഘർഷത്തിൽ നാട്ടുകൽ എസ്.ഐ അനിൽ മാത്യുവിെൻറ കൈപ്പത്തിക്കും പരിക്കേറ്റു. പരിക്കേറ്റ സുബൈർ തുർക്കി വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. കോടതിയെയും പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടാണ് ഒരുവിഭാഗം ആളുകൾ സംഘർഷവസ്ഥ സൃഷ്ടിച്ചതെന്ന് സ്ഥലത്തെത്തിയ വ്യാപാരി വ്യവസായി ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ പറഞ്ഞു. കോടതിയുടെ അനുമതിയോടെയാണ് തങ്ങൾ സ്ഥലത്തെത്തിയതെന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരി ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ ആക്രമിക്കുകയായിരുന്നെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും സുബൈർ തുർക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.