ആലപ്പുഴ: ആർ.എസ്.എസ് ഉയർത്തിയ വർഗീയതയെ ചെറുക്കാൻ കോൺഗ്രസിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന്റെ വർഗീയ ആശയങ്ങളെ കോൺഗ്രസ് എതിർക്കുന്നില്ല. അവരുടെ ആടയാഭരണങ്ങൾ കോൺഗ്രസ് എടുത്തണിഞ്ഞു. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങൾ ബി.ജെ.പിയുടെ ശക്തികേന്ദ്രമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാക്കളും മന്ത്രിമാരുമടങ്ങുന്ന വലിയ നിര ബി.ജെ.പിയുടെ ഭാഗമായി. ബി.ജെ.പിയെ എതിരിടാൻ കഴിയാതെ വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കോൺഗ്രസ് ഇപ്പോഴും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ഹരിയാന ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോദിയെക്കാൾ അമേരിക്കയെ പ്രീണിപ്പിക്കുന്ന നയമാണ് രാഹുൽ സ്വീകരിക്കുന്നത്. രാഹുൽ ഗാന്ധി അമേരിക്ക സന്ദർശിച്ചപ്പോൾ അതാണ് ചെയ്തത്. ഇത് കോൺഗ്രസിന്റെ പൊതുസമീപനമാണ്. ഇപ്പോൾ ബി.ജെ.പി സ്വീകരിക്കുന്ന അമേരിക്കൻ അനുകൂല നിലപാട് കോൺഗ്രസ് തുടർന്നുവന്നതാണ്. ഇക്കാര്യങ്ങളിൽ ഇടതുപക്ഷത്തിന് ബദൽ നയമുണ്ട്. ഇത് ഉൾക്കൊണ്ടാണ് കേരള സർക്കാർ പ്രവർത്തിക്കുന്നത്. ഇത് മറ്റാർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുസ്തക വിവാദത്തിൽ ഇ.പി. ജയരാജനെ പൂർണമായും പിന്തുണച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. പറയാനുള്ളതെല്ലാം ഇ.പി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സമയം നോക്കി യു.ഡി.എഫും ബി.ജെ.പിയും കഥ മെനയുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.