കോൺഗ്രസ് പ്രഖ്യാപനം അസംതൃപ്തി തിരിച്ചറിഞ്ഞ്

തിരുവനന്തപുരം: കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ മുന്നണി വിപുലീകരണ പ്രഖ്യാപനം കേരള കോൺഗ്രസിലും കത്തോലിക്ക സഭയിലും നിലനിൽക്കുന്ന അസംതൃപ്തി തിരിച്ചറിഞ്ഞ്. പ്രഖ്യാപനത്തോട് ചില ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെങ്കിലും ശിബിരത്തിലെ തീരുമാനവുമായി കോൺഗ്രസ് മുന്നോട്ടുപോകും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ലക്ഷ്യം.

മുന്നണി വിപുലീകരിക്കുമെന്ന പ്രഖ്യാപനത്തിലൂടെ, ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ തോൽവിക്ക് കാരണമായെന്ന് കോൺഗ്രസ് പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്. ഇത് യു.ഡി.എഫ് സംവിധാനത്തിൽ കേരള കോൺഗ്രസ്-എമ്മിന്‍റെ പ്രാധാന്യം അവരുടെ അസാന്നിധ്യത്തിൽ കോൺഗ്രസ് അംഗീകരിക്കുന്നതിന് തുല്യവുമാണ്. സംസ്ഥാന ഭരണത്തിൽ കത്തോലിക്ക സഭ തൃപ്തരല്ല. ബഫർ സോൺ, മദ്യനയം, കെ-റെയിൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടുകളിലാണ് സഭയുടെ പ്രധാന വിയോജിപ്പ്. സ്കൂൾ പാഠപുസ്തകത്തിൽ ചാവറ അച്ചനെ സംബന്ധിച്ച ഭാഗം ഒഴിവാക്കിയതും സഭക്ക് ഏറെ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫിൽ ലഭിച്ചിരുന്നതരത്തിലുള്ള പരിഗണന എൽ.ഡി.എഫിൽ ലഭിക്കാത്തതിൽ സഭക്കും കേരള കോൺഗ്രസിനുള്ളിലും അസംതൃപ്തിയുണ്ട്. ഒരു മന്ത്രിസ്ഥാനം ഉൾപ്പെടെ ലഭിച്ചെങ്കിലും എൽ.ഡി.എഫിന്‍റെ ഭരണത്തുടർച്ചക്ക് നിർണായക പങ്ക് വഹിച്ച ജോസ് പക്ഷത്തിന് അതിന് തക്ക പ്രാമുഖ്യം ഇനിയും മുന്നണിയിൽ കിട്ടിയിട്ടില്ല. ആവശ്യമായ കൂടിയാലോചനകൾ നടത്താതെ പാർട്ടി നേതൃത്വം തീരുമാനങ്ങൾ എടുക്കുന്നതിൽ ജോസ് പക്ഷത്തിനുള്ളിലും ചില അസ്വാരസ്യങ്ങളുണ്ട്. തുടർച്ചയായ വിവാദങ്ങളിൽ അകപ്പെട്ട് സംസ്ഥാന ഭരണത്തിന്‍റെ ഇമേജ് നഷ്ടപ്പെടുന്നതിലും സഭയും ജോസ് പക്ഷം അണികളും നിരാശയിലാണ്. അധികകാലം എൽ.ഡി.എഫിൽ തുടരാൻ കഴിയില്ലെന്ന ബോധ്യം തുടക്കംമുതൽ ജോസ് പക്ഷത്തുണ്ട്. അതിനുള്ള അവസരമാണ് പുതിയ പ്രഖ്യാപനത്തിലൂടെ മുൻകൂട്ടി കോൺഗ്രസ് ഒരുക്കിയിരിക്കുന്നത്. കോൺഗ്രസിന്‍റെ നീക്കത്തോട് ഇപ്പോൾ യു.ഡി.എഫിലുള്ള കേരള കോൺഗ്രസ്- ജോസഫ് പക്ഷം അനുകൂലമല്ല.

അക്കാര്യം പരസ്യമായിതന്നെ അവർ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ അവരുടെ എതിർപ്പിനെ കാര്യമായെടുക്കാൻ കോൺഗ്രസ് തയാറാകില്ല.

നേതാക്കളുടെ ബാഹുല്യമല്ലാതെ കാര്യമായ ശക്തി അവർക്കില്ലെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ വ്യക്തമായതാണ്. മാത്രമല്ല, ജോസഫ്പക്ഷം നേതാക്കൾക്കിടയിൽ ഇപ്പോൾ അനൈക്യവും ശക്തമാണ്.


തീരുമാനിച്ചത് ജനകീയ അടിത്തറ വർധിപ്പിക്കാൻ- ചെന്നിത്തല

തിരുവനന്തപുരം: ചിന്തൻ ശിബിറിൽ യു.ഡി.എഫിന്‍റെ ജനകീയ അടിത്തറ വർധിപ്പിക്കണമെന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും ഏതെങ്കിലും കക്ഷി നാളെ യു.ഡി.എഫിലേക്ക് വരുന്നു എന്നതിനല്ലെന്നും രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങൾ ചിന്തിച്ചിട്ടില്ല. മുന്നണി വിപുലീകരണ കാര്യങ്ങൾ യു.ഡി.എഫാണ് ചർച്ച ചെയ്ത് തീരുമാനിക്കാറെന്നും തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

യു.ഡി.എഫിനുണ്ടായ അപാകതകൾ പരിഹരിച്ച് കൂടുതൽ ജനകീയ പിന്തുണ ആർജിക്കുന്ന കാര്യമാണ് ചിന്തൻ ശിബിറിൽ ചർച്ച ചെയ്തത്. ഇതാണ് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞതിന്‍റെ അർഥവും. എന്നാൽ, ഇക്കാര്യം തെറ്റിദ്ധരിച്ച് ചില മാധ്യമങ്ങൾ 'ഇന്നയിന്ന' പാർട്ടികൾ വരാൻ പോകുന്നെന്ന് വാർത്ത കൊടുക്കുകയായിരുന്നു.

ഇടതുഭരണത്തിൽ അസംതൃപ്തരായ വ്യക്തികളും പാർട്ടികളുമുണ്ട്. അവരൊക്കെ ചിന്തിക്കേണ്ട സമയമായി എന്നാണ് പറഞ്ഞത്. വരും കാലത്തെ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ ചിന്തൻ ശിബിർ 100 ശതമാനം വിജയമാണ്. കോൺഗ്രസ് ഏകശില വിഗ്രഹം പോലെ യോജിച്ച് പ്രവർത്തിക്കും. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും വരേണ്ടതായിരുന്നെന്നും അവരൊക്കെ കോൺഗ്രസിന്‍റെ പ്രധാന നേതാക്കളാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:    
News Summary - Congress declaration recognized the discontent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.