കൽപറ്റ: തെരഞ്ഞെടുപ്പ് അടുത്തതോടെ, ജില്ലയിൽ നേതാക്കളുടെ കൂടുമാറ്റവും കൂട്ടത്തിൽ ചേർക്കലും തകൃതി. ബുധനാഴ്ച കോൺഗ്രസിൽനിന്നും സി.പി.എമ്മിൽനിന്നും പ്രമുഖ നേതാക്കളാണ് പരസ്പരം കൂടുമാറിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എസ്. വിശ്വനാഥൻ കോൺഗ്രസിൽനിന്ന് രാജിവെച്ച് സി.പി.എമ്മുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച് മണിക്കൂറുകൾക്കകം പുൽപള്ളി ഏരിയ കമ്മിറ്റി അംഗവും എ.കെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇ.എ. ശങ്കരനെ കൂടാരത്തിലെത്തിച്ച് കോൺഗ്രസും തിരിച്ചടിച്ചു.
ബത്തേരി മണ്ഡലത്തിൽ എൽ.ഡി.എഫിെൻറ സ്ഥാനാർഥി പട്ടികയിൽ പരിഗണിച്ചിരുന്നയാളാണ് ശങ്കരൻ. നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ ആശങ്കപ്പെട്ടിരുന്നു കോൺഗ്രസ് നേതൃത്വത്തിന്, സി.പി.എമ്മിലെ പ്രമുഖനെ തന്നെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ എൽ.ജെ.ഡിയിലും മഹിള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സുജയ വേണുഗോപാൽ സി.പി.എമ്മിലും ചേർന്നിരുന്നു.
അതേസമയം, വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് പാർട്ടിയിൽ ചേരുമെന്ന് സി.പി.എം നേതാക്കളും പറയുന്നു. എതിർ പാർട്ടികളിൽനിന്ന് ആളുകളെ കണ്ടെത്തി തങ്ങളുടെ ഒപ്പം ചേർക്കാൻ വരുംദിവസങ്ങളിൽ രാഷ്ട്രീയപാർട്ടികൾ പതിനെട്ടടവും പുറത്തെടുക്കും.
സുൽത്താൻ ബത്തേരി: കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥെൻറ രാജി സുൽത്താൻ ബത്തേരിയിലെ യു.ഡി.എഫിൽ വലിയ ചലനമുണ്ടാക്കുന്നില്ല. പോകുന്നവർ പോകട്ടെയെന്ന സമീപനമാണ് ചില ഭാരവാഹികൾ പങ്കുവെച്ചത്. എൽ.ഡി.എഫ് കേന്ദ്രങ്ങളുമായി എം.എസ് ഏതാനും ദിവസം മുമ്പ് ചർച്ച നടത്തിയിരുന്നു. സ്വകാര്യ സംഭാഷണമെന്ന് സി.പി.എം നേതൃത്വം പറയുന്നുണ്ടെങ്കിലും വ്യക്തമായ രാഷ്ട്രീയ നീക്കങ്ങളാണ് നടന്നതെന്ന് വ്യക്തം.
സുൽത്താൻ ബത്തേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി അദ്ദേഹത്തിെൻറ പേര് പ്രഖ്യാപിക്കപ്പെട്ടാൽ അതും യാദൃച്ഛികമാകില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽനിന്നു മത്സരിക്കാതെ മാറിനിന്നത് ഇത്തവണ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ഇത്തവണയും കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പാർട്ടി വിട്ടത്. പൊതുവെ യു.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണ് സുൽത്താൻ ബത്തേരി.
എന്നാൽ, 1996 ലും 2006ലും എൽ.ഡി.എഫ് ഇവിടെ വിജയിച്ചിട്ടുണ്ട്. ജനസമ്മതരായ സ്ഥാനാർഥികളെ നിർത്തിയാൽ യു.ഡി.എഫ് കോട്ട തകർക്കാമെന്ന് വർഗീസ് വൈദ്യരിലൂടെയും പി. കൃഷ്ണപ്രസാദിലൂടെയും എൽ.ഡി.എഫിന് ബോധ്യമായതാണ്. അത്തരമൊരു ജനപ്രിയ സ്ഥാനാർഥിക്ക് വേണ്ടിയുള്ള എൽ.ഡി.എഫിന്റെ തിരച്ചിൽ ഇത്തവണ എങ്ങനെയായിരുന്നുവെന്ന് ഏതാനും ദിവസത്തിനുള്ളിൽ വ്യക്തമാകും. യു.ഡി.എഫിന് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.
കൽപറ്റ: പുൽപള്ളി ഏരിയ കമ്മിറ്റി അംഗമായ ഇ.എ. ശങ്കരനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സി.പി.എമ്മിൽനിന്ന് പുറത്താക്കിയതായി ജില്ല കമ്മിറ്റി അറിയിച്ചു. നേരത്തേ കോൺഗ്രസിൽനിന്നു രാജിവെച്ചാണ് ശങ്കരൻ സി.പി.എമ്മിനൊപ്പം ചേർന്നത്. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ നിരവധി സ്ഥാനങ്ങൾ നൽകി.
കൺസ്യൂമർ ഫെഡ്, ഹൗസിങ് ബോർഡുകളുടെ ഡയറക്ടറാണ്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെംബറും പുൽപള്ളി പഞ്ചായത്ത് അംഗവുമായിരുന്നു. 2011ൽ ബത്തേരിയിൽനിന്നു എൽ.ഡി.എഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പിന്നീടും ഉയർന്ന പദവികൾ നൽകി. എ.കെ.എസിന്റെ സംസ്ഥാന സെക്രട്ടറിയുമായി. രാഷ്ട്രീയ വഞ്ചനയാണ് ശങ്കരനിൽനിന്നുണ്ടായതെന്നും ജില്ല കമ്മിറ്റി അറിയിച്ചു.
കൽപറ്റ: ആദിവാസി സമൂഹത്തോട് വഞ്ചനാപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഇ.എ. ശങ്കരൻ. ആദിവാസി വിഭാഗത്തിെൻറ നേതാവെന്ന നിലയില്‍ നിരവധി വിഷയങ്ങള്‍ സര്‍ക്കാറിെൻറ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിനും സര്‍ക്കാറിെൻറ ഭാഗത്തുനിന്നു അനുകൂല നിലപാടുകളൊന്നുമുണ്ടായില്ലെന്നും അതിനാലാണ് മാതൃപാർട്ടിയിലേക്ക് തിരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ ഡി.സി.സി ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സി.പി.എം അക്രമ, കൊലപാതക രാഷ്ട്രീയ, തൊഴിലില്ലായ്മ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. ഈ സാഹചര്യത്തില്‍ ജനവികാരത്തിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.
ഒരു ദിവസം പൊട്ടിമുളച്ച് പാര്‍ട്ടിയില്‍ വന്നതല്ല, സമരത്തിെൻറ തീച്ചൂളയിലൂടെ കടന്നുവന്നയാളാണ്. സി.പി.എമ്മിലെ പൊതുപ്രവര്‍ത്തനം പാര്‍ട്ടിയെ വളര്‍ത്താന്‍ വേണ്ടി മാത്രമാണ്. ജനതാല്‍പര്യത്തിനൊപ്പം നില്ക്കാന് സാധിക്കുന്നില്ല. എത്രയോ സി.പി.എമ്മുകാര്‍ വീടുകളില്‍ പ്രയാസപ്പെട്ട് കഴിയുമ്പോഴും അവരെക്കൊണ്ടുപോലും പിരിവു നടത്തിക്കാനാണ് പാര്‍ട്ടിക്ക് താല്പര്യം. ഓരോ ദിവസവും ഓരോ തരത്തിലുള്ള പിരിവുമായി വരുകയാണ്. ഇത് മാനസികമായി ഏറെ തളര്‍ത്തി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ആര്‍ക്കും എപ്പോഴും അദ്ദേഹത്തെ കാണാന്‍ സാധിക്കുമായികുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെങ്കിൽ കടമ്പകളേറെയാണ്. ഒത്തിരി സഹപ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് വരാനിരിക്കുകയാണ്. മോദിയുടെ വര്‍ഗീയ ഫാഷിസ്റ്റ് നടപടികള്‍ക്കെതിരെ കോണ്‍ഗ്രസിന് മാത്രമാണ് പോരാട്ടം നടത്താനാവുക.
സി.പി.എമ്മില്‍ നിലനില്‍ക്കുന്ന എല്ലാ സ്ഥാനമാനങ്ങളും രാജിവെക്കുന്നതായും ശങ്കരൻ പറഞ്ഞു. ഐ.സി. ബാലകൃഷ്ൺ എം.എൽ.എ പാർട്ടി അംഗത്വം കൈമാറി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ്കുഞ്ഞി, കെ.പി.സി.സി ഭാരവാഹികളായ കെ.കെ. അബ്രഹാം, പി.പി. ആലി, ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനു തോമസ് എന്നിവരും പങ്കെടുത്തു.
കൽപറ്റ: കെ.പി.സി.സി നേതൃത്വത്തിെൻറ അവഗണനയിലും ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിെൻറ പരാജയത്തിലും പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് എം.എസ്. വിശ്വനാഥൻ. ബത്തേരി മണ്ഡലത്തിൽ കുറുമ സമുദായംഗമായ തന്നെ സ്ഥാനാർഥിയാക്കണമെന്ന് കഴിഞ്ഞ രണ്ടു തവണയും ആവശ്യപ്പെട്ടെങ്കിലും കെ.പി.സി.സി നേതൃത്വം പരിഗണിച്ചില്ല. എന്നിട്ടും അച്ചടക്കമുള്ള പ്രവർത്തകനായി പാർട്ടിയിൽ തുടർന്നു. പാർട്ടിക്ക് ദോഷമുള്ള ഒന്നും ചെയ്തില്ല. ഇത്തവണ മത്സരിപ്പിക്കാമെന്ന് നേതൃത്വം ഉറപ്പുനൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജിപ്രഖ്യാപനം അറിയിക്കാനായി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യ വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ത്രിതല പഞ്ചായത്ത് അവലോകന യോഗത്തിൽ ജില്ലയിലെ പ്രശ്നങ്ങൾ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. ജില്ലയിലെ രണ്ടു സംവരണ മണ്ഡലങ്ങളിലും ഓരോ സമുദായത്തിൽപെട്ട, ഓരോ പ്രദേശത്തുനിന്നുള്ളവരെയാണ് സ്ഥാനാർഥിയാക്കുന്നത്. കുറുമ സമുദായത്തെ പരിഗണിക്കണമെന്ന തെൻറ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. നേതൃത്വത്തിെൻറ പിടിപ്പുകേടുകൊണ്ടാണ് നേതാക്കൾ പാർട്ടി വിടുന്നത്.
ഐ.സി. ബാലകൃഷ്ണെൻറ നേതൃത്വപരമായ പരാജയമാണ് കോൺഗ്രസിനെ ജില്ലയിൽ ഇന്നത്തെ നിലയിൽ എത്തിച്ചത്. സി.പി.എമ്മുമായി ചേർന്നു പ്രവർത്തിക്കും. രാഷ്ട്രീയ താൽപര്യം കൊണ്ടാണ് സി.പി.എമ്മിൽ ചേരുന്നത്. ഇത്തവണ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിന്, നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ബത്തേരി നഗരസഭ കൗൺസിലർ കൂടിയാണ് വിശ്വനാഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.