കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥി; തീരുമാനം ഹൈകമാൻഡിന്‍റെ മനസ്സറിഞ്ഞശേഷം

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഡൽഹിയിൽനിന്ന് മടങ്ങിയെത്തുന്നതിന് പിന്നാലെ രാജ്യസഭ സ്ഥാനാർഥി ചർച്ച തുടങ്ങാൻ കോൺഗ്രസ്. സംസ്ഥാനത്തുനിന്ന് ആകെയുള്ള മൂന്ന് ഒഴിവിൽ യു.ഡി.എഫിന് ജയിക്കാവുന്ന ഏക സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്നതിലാണ് ചർച്ച.

കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇതിനകം പൊതുവെ ഉയർന്ന പേരുകൾ മാത്രമേ ചർച്ചയായുള്ളൂ. സുധാകരന്‍റെ ഡൽഹി സന്ദർശനത്തിന് ശേഷം എല്ലാവരുമായും കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കാമെന്നാണ് ചർച്ചയിലെ ധാരണ. ഹൈകമാൻഡിന് എന്തെങ്കിലും താൽപര്യം ഉണ്ടെങ്കിൽ അതുകൂടി മനസ്സിലാക്കിയായിരിക്കും സുധാകരന്‍റെ മടക്കം.

എ.കെ. ആന്‍റണിയുടെ ഒഴിവിൽ മുതിർന്നവരെയാണോ യുവാക്കളെയാണോ ഇത്തവണ രാജ്യസഭയിലേക്ക് അയക്കേണ്ടതെന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമുണ്ട്. നേതാക്കൾക്കിടയിൽ ധാരണയായ ശേഷമേ ഗൗരവ ചർച്ച തുടങ്ങൂ. സ്ഥാനാർഥിയുടെയോ പ്രായത്തിന്‍റെയോ കാര്യത്തിൽ ഹൈകമാൻഡിന് എന്തെങ്കിലും നിർദേശമുണ്ടെങ്കിൽ മാത്രം ഇക്കാര്യത്തിൽ ചർച്ച ഒഴിവാകും. എം.എം. ഹസനെ രാജ്യസഭയിലേക്കയച്ച് പകരം കെ.സി. ജോസഫിനെ യു.ഡി.എഫ് കൺവീനറാക്കുകയെന്ന നിർദേശം സംസ്ഥാന നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ട്. പാർട്ടിയിലും മുന്നണിയിലും തഴയപ്പെടുന്നുവെന്ന ന്യൂനപക്ഷ സമുദായങ്ങളുടെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമുദായ സന്തുലിതാവസ്ഥ കൂടി കണക്കിലെടുക്കുന്ന ഈ നിർദേശം ഉയരുന്നത്.

ഹസന് പുറമെ യുവാവ് എന്ന പരിഗണനയിൽ ജെയ്സൺ ജോസഫിന്‍റെ പേരും 'എ' പക്ഷത്തിന്‍റെ പരിഗണനയിലുണ്ട്. എന്നാൽ എം. ലിജു, ഷാനിമോൾ ഉസ്മാൻ, ജോസഫ് വാഴയ്ക്കൻ, ടി. ശരതചന്ദ്രപ്രസാദ് എന്നിവരിൽ ഒരാളെ പരിഗണിക്കണമെന്ന ആവശ്യമാണ് ഐ ഗ്രൂപ് മുന്നോട്ടുവെക്കുന്നത്. അതേസമയം, ദേശീയതലത്തിൽ തന്നെ പാർട്ടി വലിയൊരു പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ രാജ്യസഭ സ്ഥാനാർഥിയുടെ കാര്യത്തിൽ കടുംപിടുത്തം ഗുണകരമാവില്ലെന്ന കാഴ്ചപ്പാടും ഗ്രൂപ്പുകൾക്കുണ്ട്.

Tags:    
News Summary - Congress Rajya Sabha candidate selection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.