കോഴിക്കോട്: എലത്തൂർ സീറ്റ് മാണി സി. കാപ്പന്‍റെ എൻ.സി.കെയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിമത സ്ഥാനാർഥി മത്സരരംഗത്ത്. കെ.പി.സി.സി നിര്‍വാഹകസമിതിയംഗം യു.വി. ദിനേശ് മണി വിമത സ്ഥാനാർഥിയാകും. കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയാണ് വിമത സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. നാളെ രാവിലെ പത്രിക നൽകാനാണ് തീരുമാനം.
എൻ.സി.കെ നേതാവ് സുൾഫിക്കർ മയൂരിയാണ് എലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഥി. എന്നാൽ, സ്ഥാനാർഥിക്കെതിരെ തുടക്കം മുതൽക്കേ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് തന്നെ മത്സരിക്കണമെന്നായിരുന്നു ആവശ്യം.
ഇത് പേമെൻറ് സീറ്റാണെന്നുള്ള ആരോപണം ഉയർത്തിയാണ് കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയത്. മണ്ഡലത്തിൽ പ്രവർത്തകർപോലും ഇല്ലാത്ത ഒരു ഘടകകക്ഷിക്ക് സീറ്റുകൊടുക്കുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ നിലപാടെടുത്തത്.
ഈ സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് നേരത്തേ എട്ടു മണ്ഡലം കമ്മിറ്റികളും രണ്ടു ബ്ലോക്ക് കമ്മിറ്റികളും പ്രമേയം മുഖേന കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എലത്തൂരിൽ എൻ.സി.കെ തന്നെ മത്സരിക്കുമെന്നും സീറ്റ് തിരിച്ചെടുക്കില്ലെന്നും ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതോടെയാണ് വിമത സ്ഥാനാർഥിയെ രംഗത്തിറക്കാൻ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.