പത്തനംതിട്ട: കോൺഗ്രസ് പുനഃസംഘടനയെ സംബന്ധിച്ച് ആലോചിക്കാൻ കെ.പി.സി.സി നിർദേശ പ്രകാരം ചേർന്ന ഡി.സി.സി യോഗത്തിൽനിന്ന് മുൻ പ്രസിഡന്റുമാർ ഇറങ്ങിപ്പോയി. ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷരായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ് എന്നിവരാണ് ഇറങ്ങിപ്പോയത്. സംഘടന നടപടിക്ക് വിധേയരായ അഞ്ചുപേരെ പുനഃസംഘടനയിൽ പരിഗണിക്കണമെന്ന ഇവരുടെ ആവശ്യം ജില്ല-സംസ്ഥാന നേതൃത്വം എതിർത്തതോടെയാണ് ബഹിഷ്കരിച്ചത്.
ശനിയാഴ്ച ഡി.സി.സി ഓഫിസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു ബഹിഷ്കരണം. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു എന്നിവരും പങ്കെടുത്തിരുന്നു.
ഡി.സി.സി പ്രസിഡന്റുമായുള്ള അഭിപ്രായ ഭിന്നതയാണ് മുൻ അധ്യക്ഷരുടെ ബഹിഷ്കരണത്തിനു കാരണമായത്. പാർട്ടിയുടെ പൊതുനയങ്ങളിൽനിന്ന് വ്യതിചലിക്കുന്ന തരത്തിൽ ഡി.സി.സി പ്രസിഡന്റ് പെരുമാറുന്നെന്നും ജില്ലയിൽ പാർട്ടിയെ സജീവമാക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇവർ ആരോപിച്ചു. സമീപകാലത്ത് നിസ്സാര കാരണങ്ങൾ ചുമത്തി കൂടിയാലോചനയോ വിശദീകരണമോ തേടാതെ പാർട്ടി നടപടികൾക്ക് വിധേയരായി പുറത്തു നിൽക്കുന്നവരെ തിരികെയെടുക്കണമെന്നും ഇവരെക്കൂടി ഉൾപ്പെടുത്തിവേണം പുനഃസംഘടന നടത്താനെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇക്കാര്യം കെ.പി.സി.സിയുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന മറുപടി പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതോടെയാണ് മുൻ പ്രസിഡന്റുമാർ ഇറങ്ങിപ്പോയത്. മുതിർന്ന നേതാക്കളെ അടക്കം ഒരു കാരണവുമില്ലാതെ പാർട്ടിക്ക് പുറത്തു നിർത്തിയിരിക്കുകയാണ്. മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ല പഞ്ചായത്ത് മുൻ അധ്യക്ഷൻ ഡോ. സജി ചാക്കോയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതും അടൂർ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ സമാനവിഷയം ഉണ്ടായപ്പോൾ നടപടി ഇല്ലാതിരുന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടുകളും പാർട്ടിക്ക് ദോഷകരമാകുകയാണ്. അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കുക മാത്രമാണ് പ്രസിഡന്റ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മുൻ പ്രസിഡന്റുമാർ ആരോപിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മുമായി ചേർന്ന് അവിശ്വാസത്തിനു നോട്ടീസ് നൽകിയതും കോഴഞ്ചേരിയിൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട നീക്കങ്ങളും പാർട്ടിക്കു ദോഷകരമാണെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
റാന്നി പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തതിനുശേഷം പാർട്ടി വിപ്പനുസരിച്ച് വോട്ടുചെയ്ത അംഗങ്ങളെ പുറത്താക്കിയതും വിമർശന വിധേയമായി.മണ്ഡലം പ്രസിഡന്റുമാരായിരുന്ന 12 പേരെ ആരോടും ആലോചിക്കാതെ പുറത്താക്കിയതും മുൻ അധ്യക്ഷർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.