മലപ്പുറം: കേരള ബാങ്ക് വിഷയത്തിൽ മുസ്ലിം ലീഗിന്റെ ചുവടുമാറ്റത്തിൽ ഞെട്ടി കോൺഗ്രസ് നേതാക്കൾ. സി.പി.എമ്മിന്റെ പല മുതിർന്ന സഹകാരികളെയും മറികടന്ന് ലീഗ് എം.എൽ.എയെ കേരള ബാങ്ക് ഭരണസമിതിയിൽ കൊണ്ടുവന്നതിൽ സി.പി.എമ്മിന് രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളതെന്ന് കോൺഗ്രസ് കരുതുന്നു.
തെരഞ്ഞെടുപ്പുസമയത്ത് യു.ഡി.എഫിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സി.പി.എം പയറ്റുന്ന തന്ത്രത്തിന്റെ തുടർച്ചയാണിതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. സി.പി.എം നേതാക്കളോ ഘടകകക്ഷി പ്രതിനിധികളോ മാത്രമുള്ള ബാങ്ക് ഭരണസമിതിയിലേക്കാണ് ലീഗ് എം.എൽ.എയെ സി.പി.എം കൊണ്ടുവന്നിരിക്കുന്നത്.
ആഴ്ചകൾക്ക് മുമ്പ് കണ്ണൂരിൽ ചേർന്ന യോഗത്തിലുണ്ടായ തീരുമാനം ലീഗ് നേതൃത്വവും സി.പി.എമ്മും മറച്ചുവെക്കുകയായിരുന്നു. അബ്ദുൽ ഹമീദിനെ സർക്കാർ നാമനിർദേശം ചെയ്തതാണെന്ന് പറഞ്ഞ് ഒഴിയുകയാണ് ലീഗ് ഉന്നത നേതൃത്വം. കോൺഗ്രസ് നേതാക്കളിൽ വലിയൊരു വിഭാഗം കടുത്ത അമർഷത്തിലാണ്. നേതൃത്വത്തിന്റെ നിലപാടുമാറ്റത്തിൽ ജില്ല മുസ്ലിം ലീഗിനും ഭിന്നാഭിപ്രായമുണ്ട്.
മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ ജില്ല മുസ്ലിം ലീഗ് നിലപാട് എടുത്തപ്പോൾ കെ.പി.സി.സി നേതൃത്വം പൂർണമായി ആ വികാരത്തിനൊപ്പമാണ് നിന്നത്. യു.ഡി.എഫിന് കേരള ബാങ്കിൽ ഡയറക്ടർ ബോർഡ് അംഗത്വം മുമ്പും സി.പി.എം വാഗ്ദാനം ചെയ്തിരുന്നെങ്കിലും മലപ്പുറത്തെ കേസിന്റെ പേരിൽ കോൺഗ്രസ് നേതൃത്വം അത് വേണ്ടെന്നുവെക്കുകയായിരുന്നു.
ലീഗിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചിലിൽ കോൺഗ്രസിന് ആശയക്കുഴപ്പമുണ്ട്. രാഷ്ട്രീയലക്ഷ്യമില്ലെന്ന് ലീഗ് നേതാക്കൾ പറയുമ്പോഴും യു.ഡി.എഫിൽ ലീഗിനുള്ള അതൃപ്തിയാണ് സി.പി.എമ്മുമായുള്ള രഹസ്യബാന്ധവത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലെ കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ലീഗിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി നേതൃത്വം രഹസ്യമായി പങ്കുവെക്കുന്നുണ്ട്.
മലപ്പുറം: കേരള ബാങ്ക് ഡയറക്ടർ സ്ഥാനം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഏറ്റെടുത്തതിനെതിരെ മലപ്പുറം ജില്ല മുസ്ലിം ലീഗിലും യു.ഡി.എഫിലും അമർഷം പുകയുന്നു. മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ യു.ഡി.എഫ് നേതാക്കൾ ഹരജിക്കാരായ കേസ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലിരിക്കെ, ജില്ല മുസ്ലിംലീഗ് ജന. സെക്രട്ടറികൂടിയായ പി. അബ്ദുൽ ഹമീദ് കേരള ബാങ്കിന്റെ ഭരണസമിതിയിലെത്തിയതാണ് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയത്.
ലയനം അംഗീകരിച്ച് ഹൈകോടതി സിംഗ്ൾ ബെഞ്ച് വിധി പുറപ്പെടുവിച്ചെങ്കിലും ലയനത്തിന് ജില്ല ബാങ്ക് ജനറൽ ബോഡിയുടെ അംഗീകാരമില്ലാത്തതിനാൽ മേൽകോടതിയിൽനിന്ന് യു.ഡി.എഫ് അനുകൂല വിധി പ്രതീക്ഷിക്കുന്നുണ്ട്. മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെയുള്ള കേസിൽനിന്ന് പിന്മാറുന്ന പ്രശ്മമില്ലെന്ന് ജില്ല യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.