ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇക്കുറി മത്സരിക്കുന്നത് 91 സീറ്റിൽ. മുസ്ലിംലീഗിന് 27 സീറ്റ്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് 10 സീറ്റിലും ആർ.എസ്.പി അഞ്ചിടത്തും മത്സരിക്കും. ഇതനുസരിച്ച് കോൺഗ്രസും മുസ്ലിംലീഗും വെള്ളിയാഴ്ച സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിൽ.
നേമം വഴി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്ന ബി.ജെ.പിയെ നേരിടാൻ ഇക്കുറി ഒരു പ്രമുഖനെ രംഗത്തിറക്കാനുള്ള നിർദേശം അടക്കം കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ച അന്തിമ ഘട്ടത്തിൽ. രാത്രി വൈകിയും തുടർന്ന സ്ക്രീനിങ് കമ്മിറ്റിയിലെ മാരത്തൺ ചർച്ചകൾക്കൊടുവിൽ രൂപപ്പെടുത്തിയ ലിസ്റ്റ് അവസാനവട്ട ചർച്ചകൾ കൂടി പൂർത്തിയാക്കി വെള്ളിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്ക് കൈമാറും.
പത്രിക നൽകാൻ സമയമായിരിക്കേ, വെള്ളിയാഴ്ച വൈകീട്ടുതന്നെ പട്ടിക പ്രഖ്യാപിക്കാനാണ് ശ്രമം. അഞ്ചു ദിവസമായി ഡൽഹി ചർച്ചകളിലായിരുന്ന ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങും.
മുസ്ലിംലീഗിെൻറ പട്ടിക വെള്ളിയാഴ്ച പുറത്തുവരും. തലമുറ മാറ്റത്തിന് വഴിയൊരുക്കുന്ന വിധം സ്ഥാനാർഥി പട്ടിക തയാറാക്കണമെന്ന ഹൈകമാൻഡ് നിർദേശം പാലിക്കുന്നതിനൊപ്പം, ഗ്രൂപ് താൽപര്യം കൂടി സംരക്ഷിക്കാൻ നേതാക്കൾ നടത്തിയ ശ്രമമാണ് കോൺഗ്രസ് പട്ടിക വൈകിച്ചത്.
സിറ്റിങ് എം.എൽ.എമാർക്കെല്ലാം സീറ്റ് നൽകും. സിറ്റിങ് എം.പിമാർ ആരും മത്സരിക്കില്ല. എന്നാൽ, എ ഗ്രൂപ്പിെൻറ സമ്മർദത്തിനിടയിലും കെ.സി. ജോസഫിനും കെ. ബാബുവിനും സീറ്റ് ഉണ്ടാവില്ല. പി.സി. വിഷ്ണുനാഥ് കൊല്ലത്തും ബിന്ദു കൃഷ്ണ കുണ്ടറയിലും മത്സരിക്കുന്നതടക്കമുള്ള മാറ്റങ്ങൾ ഉണ്ടാവും.
ഘടക കക്ഷികളുമായുള്ള ധാരണ പ്രകാരം കഴിഞ്ഞതവണ മത്സരിച്ചതിനേക്കാൾ കൂടുതലായി അഞ്ചു സീറ്റിൽ കൂടി കോൺഗ്രസ് മത്സരിക്കുന്നുണ്ട്. 24ൽ മത്സരിച്ച ലീഗിന് 27 സീറ്റ് നൽകി. പട്ടാമ്പിക്കുേവണ്ടിയുള്ള ലീഗിെൻറ പിടിവാശി ബാക്കി നിർത്തി കോങ്ങാട് നൽകാമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.
തൃക്കരിപ്പൂരാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകുന്ന 10ാമത്തെ സീറ്റ്. പാലായും എലത്തൂരും മാണി സി. കാപ്പൻ നയിക്കുന്ന നാഷനലിസ്റ്റ് കോൺഗ്രസ് കേരളക്ക് നൽകി. സി.എം.പിക്ക് നെന്മാറ. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിന് ഒരു സീറ്റ്. ബാക്കി മറ്റു കക്ഷികൾക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.