തിരുവനന്തപുരം: നവകേരള സദസ്സിന്റെ തലസ്ഥാന ജില്ലയിലെ മൂന്നാംദിനം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാട്ടിയവരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാലിന് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോർ പ്രവർത്തകർക്കുനേരെ തുറന്നപ്പോഴായിരുന്നു സംഭവം. കാൽപാദത്തിന് ഗുരുതര പരിക്കേറ്റ മാറനല്ലൂർ സ്വദേശി ആൻസൽ ദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട കുളത്തുമ്മൽ സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചപ്പോഴാണ് ആൻസൽ ദാസിന് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ടി. അനീഷ്, വിളപ്പിൽ സജി എന്നിവർക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റു.
തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിലെ പ്രഭാതയോഗം കഴിഞ്ഞ് കാട്ടാക്കട വഴി നവകേരള സദസ്സ് വേദിയായ ആര്യനാട്ടേക്ക് പോകുമ്പോഴാണ് കാട്ടാക്കടയിലും പൂവച്ചലിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. മന്ത്രിമാരുടെ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിച്ച ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചു.
മുഖ്യമന്ത്രിയുടെ വാഹനം കള്ളോട് മുസ്ലിം പള്ളിക്കുസമീപമെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കളായ കുളപ്പട ഫിറോസ്, ലിജു സാമുവൽ, പൊന്നെടുത്തകുഴി സത്യദാസ് തുടങ്ങി 15 ലേറെ പേർ കരിങ്കൊടി കാട്ടി. ഇവരെയും സി.പി.എം പ്രവർത്തകർ മർദിച്ചു. അടിയേറ്റ് വീണവരെ നിലത്തിട്ടും തല്ലി. സംഭവത്തെ തുടർന്ന് പത്തോളം പേരെ പൊലീസ് പിടികൂടി മലയിൻകീഴ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ, പൂവച്ചൽ അമ്പലം ജങ്ഷനു സമീപം മഹിള കോൺഗ്രസ് നേതാവ് ഷീജ കരിങ്കൊടി പ്രതിഷേധം നടത്തി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായി ഡി.ഡി.സി സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആർ. ബൈജു, ഡി.സി.സി അംഗം കാട്ടാക്കട രാമു, യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുല്‍ എസ്.കെ, കട്ടയ്ക്കോട് തങ്കച്ചന്, അഡ്വ. അനന്ത സുബ്രഹ്മണ്യം എന്നിവരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.