ആദർശങ്ങളിൽ വെള്ളം ചേർക്കാത്ത കോൺഗ്രസുകാരൻ - എ.കെ. ആന്റണി

തിരുവനന്തപുരം: ആര്യാടൻ മുഹമ്മദിന്റെ നിര്യാണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തീരാ നഷ്ടമാണെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി. ഇന്നത്തെ കേരളത്തിൽ ആര്യാടന്റെ ശബ്ദം ഉറക്കെ മുഴങ്ങേണ്ട കാലമായിരുന്നു. വ്യക്തിപരമായി തനിക്ക് ഏറ്റവും ദീർഘകാലമായി ഹൃദയബന്ധമുണ്ടായിരുന്ന ആത്മസുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നത്. ആര്യാടന്റെ വേർപാട് തന്റെ മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുകയാണെന്നും ആന്റണി പറഞ്ഞു.

ആര്യാടന്റെ സംഭാവന കേരളത്തിന് മറക്കാൻ സാധ്യമല്ല. കോൺഗ്രസിന് മാത്രമല്ല, കേരളത്തിൽ എന്നെല്ലാം, എവിടെയെല്ലാം തീവ്രവാദം തലപൊക്കുന്നു അപ്പോഴെല്ലാം പ്രത്യാഘാതം നോക്കാതെ ഉറച്ച ശബ്ദത്തിൽ ഇത് ആപത്താണെന്ന് അഅദ്ദേഹം പറയുമായിരുന്നു. ആരെതിർത്താലും തനിക്ക് ശരിയെന്ന് തോന്നുന്നത് ഉറക്കെ പറയുമായിരുന്നു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർത്തയാളാണ് ആര്യാടൻ.

നിലപാടുകളിൽ വെള്ളം ചേർത്തില്ല. രാഷ്ട്രീയ ഭാവി അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. അദ്ദേഹം അടിമുടി കോൺഗ്രസുകാരനായിരുന്നു. കോൺഗ്രസ് ആദർശങ്ങളിൽ അടിയുറച്ച് വിശ്വസിച്ചവനായിരുന്നു. വിട്ടുവീഴ്ചയില്ലാതെ വർഗീയതക്കെതിരെ പോരാടി. ​അടിസ്ഥാന തൊഴിലാളി വർഗങ്ങൾക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചുവെനും എ.കെ ആന്റണി ഓർമിച്ചു. 

കറകളഞ്ഞ മതേതരവാദി- ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രജ്ഞന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി.

2004ലെ യു.ഡി.എഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ജനങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തിയാണ് അദ്ദേഹം 8 തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജനകീയനായ നേതാവ് -പി.കെ. കുഞ്ഞാലിക്കുട്ടി

അങ്ങേയറ്റം ദുഃഖത്തോടെയാണ് ആര്യാടൻ മുഹമ്മദിന്റെ വിയോഗ വാർത്ത കേട്ടതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയത്തിൽ ആര്യാടൻ ഘട്ടം തന്നെ ഉണ്ടായിരുന്നു. അത്ര വിപുലവും വ്യാപകവുമായിരുന്നു അദ്ദേഹത്തിന്റെസ്വാധീനം. സ്വന്തമായി കാര്യങ്ങൾ പഠിച്ച് അത് അവതരിപ്പിക്കാനും കാര്യങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യാനും അദ്ദേഹത്തിനുള്ളത്ര കഴിവ് മറ്റാറക്കുമുണ്ടായിരുന്നില്ല.

ജനങ്ങളെ ആകർഷിക്കാനും അവരെ കൂടെ നിർത്താനും അവർക്ക് വേണ്ടി കാര്യങ്ങൾ ചെയ്തുകൊടുക്കാനും തയാറുള്ള നേതാവായിരുന്നു ആര്യാടൻ. അതാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇല്ലാതായതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ മലബാർ മേഖലയിലെ ശക്തനായ അമരക്കാരൻ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കോൺഗ്രസ്‌ പാർട്ടിയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - Congressman who does not dilute ideals - A.K. Anthony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.