തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ അനിൽ ആന്റണി പാർട്ടി പദവികൾ രാജിവെച്ചെങ്കിലും വിവാദത്തിന്‍റെ അലകളടങ്ങുന്നില്ല. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകനായ അനിൽ, രാജിക്കുപിന്നാലെ, നേതാക്കളെ ഉന്നംവെച്ച് നടത്തിയ രൂക്ഷ പ്രതികരണങ്ങൾ പാർട്ടിയെ വെട്ടിലാക്കി.
അനിൽ ഉയർത്തിവിട്ട വിവാദം കോൺഗ്രസിന് ക്ഷതമേൽപിച്ചതിനൊപ്പം ആന്‍റണിയുടെ പ്രതിച്ഛായക്കും കോട്ടമുണ്ടാക്കിയിരിക്കുകയാണ്. ഇത്തരം നിലപാടുകൾ പിതാവ് അറിയാതെ അനിൽ സ്വീകരിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. വിഷയത്തില്‍ ആന്‍റണി പ്രതികരിക്കാന്‍ തയാറാകാത്തത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അനിലിന്‍റെ നിലപാടിനൊപ്പം, ‘കുറിയിട്ടവരെ മൃദുഹിന്ദുത്വത്തിന്റെ ഭാഗമായി കാണേണ്ടതില്ലെ’ന്ന ആന്റണിയുടെ സമീപകാല പ്രസ്താവനയും ചേർത്തുവെച്ചുള്ള പ്രചാരണം ചില കേന്ദ്രങ്ങളിൽ നിന്ന് തുടങ്ങിയിട്ടുമുണ്ട്.
കേരളത്തിൽ, ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള മത്സരത്തിൽ കോൺഗ്രസിനെതിരെ ഉപയോഗിക്കാൻ സി.പി.എം ഇതെല്ലാം ആയുധമാക്കുകയാണ്. അനിൽ സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ നടത്തിയ കടന്നാക്രമണം ദേശീയതലത്തിൽ ബി.ജെ.പിയും ഉപയോഗിക്കുന്നു. പല കോണുകളിൽ നിന്നുള്ള ആക്രമണത്തിൽനിന്ന് പരിച തേടി കോൺഗ്രസ് വിയർക്കുകയാണ്.
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി മോദിയുടെ പങ്ക് വിവരിക്കുന്ന ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സി വീക്ഷണത്തിന് മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നുമുള്ള അനിലിന്റെ നിലപാടാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. ഈ നിലപാട് പാർട്ടിക്ക് ഏൽപിച്ച പരിക്കിൽനിന്ന് രക്ഷപ്പെടാൻ നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് രാജിക്കു പിന്നാലെ, അനിൽ നേതാക്കളെ തന്നെ ഉന്നമിട്ടത്.
ഇതോടെ, അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ആന്‍റണിയുടെ മകനെന്ന പരിഗണന നൽകാൻ പോലും ആരും തയാറല്ല. പാർട്ടി നയം അനുസരിക്കാൻ തയാറല്ലെങ്കിൽ പുറത്തുപോകണമെന്ന് പരസ്യമായി പ്രതികരിക്കാൻ പോലും ചില നേതാക്കൾ തയാറായി. വിവാദത്തിന്‍റെ തുടക്കം മുതൽ യുവനേതൃനിര പൂർണമായും അനിലിനെതിരെ രംഗത്തുവന്നിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനു പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ തുടങ്ങിയവരും കടുത്ത വിമർശനമാണ് നടത്തിയത്. കഴിഞ്ഞ കാലങ്ങളിലെല്ലാം അനിലിനെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന ശശി തരൂരും കൈവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.