തൃശൂർ: ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരായ ഇൻഡ്യ സഖ്യത്തിന്റെ പ്രതീക്ഷകളെ ആശങ്കയിലാക്കുന്ന ദൂരക്കാഴ്ചയില്ലാത്ത സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇൻഡ്യ സഖ്യം നിലവിൽ വന്ന ശേഷവും രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിക്കാൻ വയനാട്ടിൽ വന്നതുൾപ്പെടെ ഈ ദൂരക്കാഴ്ചയില്ലായ്മയുടെ തെളിവാണ്. ആ സമീപനത്തോടുള്ള പ്രതികരണമായാണ് രാഹുലിന്റെ ന്യായ് യാത്രയുടെ സമാപനത്തിൽ സി.പി.ഐ വിട്ടുനിന്നതെന്ന് ബിനോയ് വിശ്വം തൃശൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിദേശ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം വീണ്ടെടുത്ത് രാജ്യത്തെ ഓരോ പൗരനും 15 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുമെന്ന് പറഞ്ഞ ‘മോദി ഗാരണ്ടി’ പറഞ്ഞിട്ട് സംഭവിച്ചത് ആ കള്ളപ്പണം എസ്.ബി.ഐ വഴി വെളുപ്പിച്ച് ഇലക്ടറൽ ബോണ്ടായി ബി.ജെ.പി അക്കൗണ്ടിൽ എത്തിക്കുകയാണ്. എന്തിനുമേതിനും ‘ഗാരണ്ടി’ പറയുന്ന മോദി വെറും ‘വാഗ്ദാന കച്ചവടക്കാര’നാണ്. ജയസാധ്യത തീരെയില്ലെന്നറിഞ്ഞിട്ടും തൃശൂരിലെ സ്ഥാനാർഥിയെ കേന്ദ്രമന്ത്രിയാക്കും എന്നതുപോലത്തെ ഗാരണ്ടികളാണ് മോദി നൽകുന്നത്. മോദി 10 വർഷം നൽകിയ ഗാരണ്ടി രാജ്യത്തിന്റെ പെരുവഴികളിൽ ചത്തുമലച്ച് കിടപ്പുണ്ട്.
വോട്ട് നേടാൻ ആദ്യം ഹിന്ദു-ന്യൂനപക്ഷ വൈരുധ്യം സൃഷ്ടിച്ച ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോൾ ക്രൈസ്തവരെ മുസ്ലിംകൾക്ക് എതിരിലാക്കുന്ന തിരക്കിലാണ്.
ഇതിൽ ക്രൈസ്തവ വിഭാഗങ്ങളിൽ ആരെങ്കിലും വീണിട്ടുണ്ടെങ്കിൽ അവർ മനസ്സിലാക്കേണ്ടത് ആർ.എസ്.എസിന്റെ ‘വേദപുസ്തക’മായ ‘വിചാരധാര’യിൽ പറയുന്ന രണ്ടാമത്തെ ശത്രു ക്രൈസ്തവരാണ് എന്നതാണ്. ലക്ഷ്യം നേടിയാൽ അവർ തിരിയുന്നത് ക്രൈസ്തവർക്കെതിരെയായിരിക്കും.തൃശൂരിലെ ഒരു സ്ഥാനാർഥി പ്രചാരണത്തിനിടെ പണം ഒഴുക്കുന്നത് ഇടതുമുന്നണിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ‘മണി-മസിൽ പവറി’നെക്കുറിച്ച് സവിസ്തരം പറഞ്ഞ തെരഞ്ഞെടുപ്പ് കമീഷന് എന്തെങ്കിലും ചെയ്യാൻ കഴിവുണ്ടെങ്കിൽ അത് തടയുകയാണ് വേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രി കെ. രാജനും സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.