തൃശൂർ കോർപറേഷനിൽ കോൺഗ്രസ്​ അവിശ്വാസം പരാജയപ്പെട്ടു

തൃശൂർ: കോർപറേഷനിൽ കേവല ഭൂരിപക്ഷമില്ലാതെ കോൺഗ്രസ് വിമതനെ മേയറാക്കി ഭരിക്കുന്ന ഇടത് ഭരണസമിതിക്കെതിരെ കോൺഗ്രസ്​ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 24നെതിരെ 25 വോട്ടിനാണ്​ അവിശ്വാസം തള്ളിയത്​. കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ച ബി.ജെ.പി അവിശ്വാസ പ്രമേയ ചർച്ചയിലും പങ്കെടുക്കാതെ വിട്ടുനിന്നു. അവിശ്വാസം പരാജയപ്പെട്ടതിൽ ആഹ്ലാദിച്ച്​ ഇടതുമുന്നണി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

55 അംഗ ഭരണസമിതിയിൽ ഇടതുപക്ഷത്തിന്​ 25ഉം കോൺഗ്രസിന് 24ഉം ബി.ജെ.പിക്ക്​ ആറും അംഗങ്ങളാണുള്ളത്. ബി.ജെ.പി നിലപാട് നിർണായകമായിരുന്നു. ബിജെപി പിന്തുണക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. ഇടതുപക്ഷ​ത്തെ ചിലരെ അടർത്തിയെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവിശ്വാസം പാസാകാൻ 28 അംഗങ്ങൾ പിന്തുണക്കണം. കലക്ടർ ഹരിത വി. കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് പ്രമേയം ചർച്ച ചെയ്തത്.

ഇടത്, വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്‍റെ അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ജില്ല പ്രസിഡണ്ട് കെ.കെ. അനീഷ് കുമാർ പറഞ്ഞു. സി.പി.എമ്മിനെ മാറ്റി കോൺഗ്രസിനെ കൊണ്ടുവരുന്നതും കോൺഗ്രസിനെ മാറ്റി സി.പി.എമ്മിനെ അധികാരത്തിൽ എത്തിക്കുന്നതും ബി.ജെ.പിയുടെ പരിപാടിയല്ല. രണ്ട് പാർട്ടികളുടേയും തെറ്റായ നിലപാടുകൾക്കെതിരായ പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാൻ ബിജെപി ആർക്കും പിന്തുണ നൽകില്ലെന്നും അനീഷ്കുമാർ പറഞ്ഞു. നഗരത്തിൽ ഇടത്​ ഭരണസമിതി നടപ്പാക്കുന്ന വികസന പദ്ധതികളിൽ വിറളി പൂണ്ടാണ് കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നതെന്ന് മേയർ എം.കെ. വർഗീസ് പ്രതികരിച്ചു.

Tags:    
News Summary - Congress's motion of no-confidence failed in Thrissur corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.