കൊച്ചി/ കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ കാതോലിക്ക ബാവയായി വാഴിക്കുന്ന ചടങ്ങിൽ കേന്ദ്രത്തിന്റെ പ്രതിനിധി സംഘവും കേരളത്തിൽനിന്ന് മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗസംഘവും പങ്കെടുക്കും.
ചൊവ്വാഴ്ച ലബനാനിലെ പാത്രിയാർക്ക കത്തീഡ്രലിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയാണ് അദ്ദേഹത്തെ വാഴിക്കുന്നത്. കേരളത്തിൽനിന്ന് മലങ്കര കത്തോലിക്ക സഭ തലവൻ കർദിനാൾ ബസേലിയോസ് ക്ലിമീസ് ബാവ ഉൾപ്പെടെയുള്ളവരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
അതേസമയം, ശ്രേഷ്ഠകാതോലിക്ക ബാവയായി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിക്കുന്നതിനെതിരെ ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി യോഗം പ്രമേയം പാസാക്കി. മലങ്കരയിലെ ശാശ്വത സമാധാനത്തിന് തുരങ്കംവെക്കുന്ന നടപടിയാണ് വാഴിക്കൽ ചടങ്ങെന്ന് പ്രമേയം കുറ്റപ്പെടുത്തി.
നിയമവിരുദ്ധമായ ചടങ്ങിൽ പങ്കെടുക്കാൻ ഏഴ് സർക്കാർ പ്രതിനിധികൾ ലബനാനിലേക്ക് പോകുന്നത് അംഗീകരിക്കാനാകില്ല. ബദൽ കാതോലിക്കയെ വാഴിച്ച് ഭാരതമണ്ണിൽ അശാന്തിയുടെ വിത്തുപാകാൻ അന്ത്യോഖ്യൻ പാത്രിയാർക്കീസ് ശ്രമിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു.
അതിനിടെ, വാഴിക്കുന്ന ചടങ്ങിൽ സംബന്ധിക്കാൻ സർക്കാർ പ്രതിനിധി സംഘത്തെ ലബനാനിലേക്ക് അയക്കുന്നതിനെതിരായ പൊതുതാൽപര്യ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. തൃശൂർ കുന്നംകുളം സ്വദേശി ഗിൽബർട്ട് ചീരനാണ് ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.