കോഴിക്കോട് : മലപ്പുറം നഗരസഭ 15ാം ധനകാര്യ കമീഷന്റെ മാർഗ നിർദേശങ്ങൾ അട്ടിമറിച്ചുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ കളംതട്ട കൂടിവെള്ള പ്രദേശം സംരക്ഷണ പദ്ധതിക്കായി ലഭിച്ച് കേന്ദ്ര ഫണ്ട് സ്വകാര്യ വ്യക്തികളുടെ ആസ്‌തി സംരക്ഷണത്തിനായി ഉപയോഗിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി. സംസ്ഥാന സർക്കാരിൻ്റെ 2021 നവംമ്പർ 24ലെ ഉത്തരവനുസരിച്ച് കുടിവെള്ളം, ശുചിത്വം ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് തുക അനുവദിച്ചത്.
നഗരസഭ 2021-22 ൽ നടപ്പാക്കിയ പദ്ധതിക്ക് സിഡ്കോ നൽകിയ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം തുക വകയിരുത്തി. നഗരസഞ്ചയം എന്ന കേന്ദ്ര ഫണ്ട് ഉപയോഗിച്ച് തയാറാക്കിയതാണ് 22 ാം വർഡിലെ കളംതട്ട കുടിവെള്ള പ്രദേശ സംരക്ഷണം പദ്ധതി. 2022 ഡിസംബർ 30 ലെ കരാർ പ്രകാരം 1 കോടി രൂപക്ക് കരാർ സിഡ്കോക്ക് നൽകി. ഭാഗിക ബിൽ പ്രകാരം 2022-23 ൽ 95,90,697 രൂപ നൽകി. എസ്റ്റിമേറ്റ് റിപ്പോർട്ടിൽ മഴക്കാലത്ത് ഇവിടെയുള്ള സ്‌കൂൾ കുട്ടികൾക്കും അംഗനവാടി കുട്ടികൾക്കും കൃഷിക്കാർക്കും ഇതുവഴിയുള്ള സഞ്ചാരം ദുഷ്‌കരമാണെന്നും ഇവിടെ സ്ഥിതി ചെയ്യുന്ന വീടുകൾ സുരക്ഷിതമല്ല എന്നുമാണ് പറഞ്ഞിരിക്കുന്നത്.
എന്നാൽ സംയുക്ത സ്ഥലപരിശോധനയിൽ. നിർമാണം നടത്തിയിരിക്കുന്നത് 50 മീറ്റർ അകലെയാണെന്നും ചില സ്വകാര്യവ്യക്തികളുടെ ഭൂമി സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സംരക്ഷണഭിത്തിയാണെന്നും കണ്ടെത്തി. ഇതുവഴി ഒരു നടപ്പാതയോ ആരെങ്കിലും നടക്കുന്ന വഴിയോ പോലും പരിശോധനയിൽ കണ്ടെത്തിയില്ല. കളംതട്ട കുടിവെള്ള പ്രദേശം സംരക്ഷണം എന്നാണ് പദ്ധതിയുടെ പേരെങ്കിലും ഈ കുടിവെള്ള ടാങ്കും അതിനോടനുബന്ധിച്ചുള്ള ഫിൽറ്റർ സംവിധാനവും സ്ഥിതി ചെയ്യുന്നത് ഈ പ്രവർത്തി നടത്തിയ സ്ഥലത്തുനിന്നും വളരെ അകലെയാണ്. കുടിവെള്ള പദ്ധതിയുടെ സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമിയും വിടും സംരക്ഷിക്കുന്നതിനുള്ള ഭിത്തി മുനിസിപ്പാലിറ്റി മുന്നേ തന്നെ നിർമിച്ചിട്ടുള്ളതാണെന്നും സ്ഥലപരിശോധനയിൽ വ്യക്തമായി.
പുഴയുടെ സംരക്ഷണവുമായി ഈ പ്രവർത്തിക്ക് യാതൊരു ബന്ധവുമില്ല. കടലുണ്ടി പുഴയുടെ ഒരു തീരം മുനിസിപ്പാലിറ്റിയിലും മറു തീരം കോഡൂർ പഞ്ചായത്തിലുമാണ്. അതിനാൽ ഈ പുഴ മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തിന്റെയോ ആസ്‌തിയല്ല. ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ള കൊയ്ത്ത്, മലിനജലത്തിൻ്റെ പൂന ചംക്രമണവും പുനരൂപയോഗവും എന്നിവക്കാണ് 15 ാം ധനകാര്യ കമീഷൻ ഗ്രാൻ്റ് വിനിയോഗിക്കേണ്ടിയിരുന്നത്. അതിന് പകരം സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെയും വീടിൻ്റെയും സംരക്ഷണത്തിനുവേണ്ടി, പുഴയുടെ സംരക്ഷണം എന്ന പേരിൽ നഗരസഞ്ചയത്തിലുൾപ്പെടുത്തി. ധനകാര്യ കമീഷൻ്റെ നഗരസഞ്ചയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി നഗരസഭ തുക ചെലവഴിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
15ാം ധനകാര്യ കമീഷൻ ഗ്രാന്റ് അനുവദിച്ചത് നഗരസഞ്ചയങ്ങൾക്കാണ്. ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ളകൊയ്ത്ത്, മലിനജലത്തിന്റെ പൂനഃചംക്രമണവും പുനരുപയോഗവും എന്നിവക്കാണ്. പൊതുവായി ഏറ്റെടുക്കാവുന്നത് ഇത്തരം പദ്ധതികളായിരിക്കണമെന്ന് നിഷ്‌കർഷിച്ചിരുന്നു. അതാണ് നഗരസഭ അട്ടിമറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.