പാലക്കാട്: ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവിവാദവുമായി ബന്ധപ്പെട്ട് ആദ്യപ്രതികരണവുമായി സി.പി.എം നേതാവും മുൻ എം.പിയുമായ എം.ബി രാജേഷ്. നിനിത കണിച്ചേരിയുടെ നിയമനം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്നും മൂന്നു പേർ ചേർന്നാണ് ഇതിനായി ഉപജാപം നടത്തിയയെന്നും എം.ബി രാജേഷ് ആരോപിച്ചു. പിന്മാറിയില്ലെങ്കിൽ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി.
നിനിതയുടെ നിയമനം അട്ടിമറിക്കാൻ വിവിധ തലത്തിൽ ഗൂഢാലോചന നടന്നു. ഇന്‍റർവ്യൂ ബോർഡിലുള്ള പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആൾക്കു വേണ്ടിയായിരുന്നു ഗൂഢാലോചന നടത്തിയതെന്നും രാജേഷ് ആരോപിച്ചു. എന്നാൽ, ഇദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്താൻ രാജേഷ് തയാറായില്ല.
ഇന്‍റർവ്യൂവിവ് മുൻപുതന്നെ നിനിതയെ അയോഗ്യയാക്കാനും ഇന്‍റർവ്യൂവിൽ പങ്കെടുപ്പിക്കാതിരിക്കാനും ഉപജാപം നടന്നുവെന്നും രാജേഷ് പറയുന്നു. നിനിതയുടെ പി.എച്ച്.ഡി ജോലിക്ക് അപേക്ഷിച്ച ശേഷം കിട്ടിയതാണെന്ന് പ്രചാരണം നടന്നു. യൂനിവേഴ്സിറ്റി അത് അന്വേഷിച്ച് 2018ൽ ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് പി.എച്ച്ഡിക്കെതിരെ കേസുണ്ട് എന്നതായിരുന്നു പരാതി. അതും പൊളിഞ്ഞു.
ഇന്‍റർവ്യൂവിലും അതിനുള്ള ശ്രമം നടന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ തെളിയിക്കുന്നത്. അത് വിജയിക്കാതെ വന്നപ്പോൾ ഇന്‍റർവ്യൂ ബോർഡിലെ മൂന്നുപേരും ഒപ്പിട്ട കത്ത് ഉദ്യോഗാർഥിക്ക് ലഭ്യമാക്കിക്കൊടുത്തു. തുടർന്ന്, ജോലിക്ക് ചേർന്നാൽ ക്രമക്കേട് ആരോപിക്കുമെന്നും മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും ആയിരുന്നു ഭീഷണി. ആദ്യം ജോലിക്ക് ചേരാൻ തീരുമാനിച്ചിരുന്നില്ല. ഭീഷണി വന്ന സാഹചര്യത്തിൽ അതിന് വഴങ്ങേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.