തിരുവനന്തപുരം: റിപബ്ലിക് ദിനമായ ജനുവരി 26 ന് മോദിയല്ല, ഭരണഘടനയാണ് ഗ്യാരന്റി എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ തലങ്ങളില്‍ റിപബ്ലിക് ദിന സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഭരണഘടന ഉറപ്പാക്കുന്ന പൗരാവകാശങ്ങളും നീതി സങ്കല്‍പ്പങ്ങളും കാറ്റില്‍ പറത്തി ഭരണകൂടത്തെ നിയന്ത്രിക്കുന്നവരുടെ സങ്കുചിത മതതാല്‍പ്പര്യങ്ങള്‍ രാജ്യനിവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മഹത്തായ ഭരണഘടനയെയും ജനാധിപത്യ-മതേതര മൂല്യങ്ങളെയും അട്ടിമറിച്ച് മതാധിഷ്ടിത രാഷ്ട്രനിര്‍മിതിയിലേക്കാണ് രാജ്യം പോകുന്നത്. ഭരണഘടനാ സ്ഥാപനമായ പാര്‍ലമെന്റ് മന്ദിരോദ്ഘാടനം മതനേതാക്കളും സന്യാസിമാരും നിര്‍വഹിക്കുമ്പോള്‍ ക്ഷേത്ര പ്രതിഷ്ഠയ്ക്കും പൂജയ്ക്കും ഭരണാധികാരികള്‍ കാര്‍മികത്വം വഹിക്കുന്ന മതനിരപേക്ഷ സങ്കല്‍പ്പത്തിന് തികച്ചും എതിരായ പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടുന്നു. രാജ്യം ലോകത്തെ പട്ടിണി സൂചികയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അത് ചര്‍ച്ച ചെയ്യാന്‍ ഭരണാധികാരികള്‍ക്ക് താല്‍പ്പര്യമില്ല.
ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും രാജ്യനിവാസികള്‍ മുഴുവന്‍ പിന്‍പറ്റുകയും അനുവര്‍ത്തിക്കുകയും ചെയ്യണമെന്ന ഭരണകൂട താല്‍പ്പര്യം അധികാരമുപയോഗിച്ച് അടിച്ചേല്‍പ്പിക്കുകയാണ്. ഭരണഘടനയും ജനാധിപത്യവും വെല്ലുവിളി നേരിടുമ്പോൾ അവയെ സംരക്ഷിക്കാനുള്ള ഇടപെടലുകൾ പൗരസമൂഹത്തിൻ്റെ ബാധ്യതയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ തലങ്ങളിൽ നടക്കുന്ന സംഗമത്തിൽ സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.