അമ്പലപ്പുഴ: വീടുകളുടെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചും കെട്ടിടം പണിയാതെ സ്ഥലം ഒഴിച്ചിട്ടും പുന്നപ്ര സൂനാമി കോളനി. ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ് പുന്നപ്ര ചള്ളിയിൽ സൂനാമി കോളനിക്ക് തുടക്കമിട്ടത്.സൂനാമിയിൽ കിടപ്പാടം നഷ്ടപ്പെട്ട തീരവാസികളുടെ പുനരധിവാസത്തിനായി റോഡ് ഉൾപ്പെടെ മൂന്ന് സെൻറ് വീതം 170 കുടുംബങ്ങൾക്കാണ് സ്ഥലം അനുവദിച്ചത്. വീടുവെക്കാനായി മൂന്ന് ലക്ഷം രൂപ വീതം നൽകി.
പിന്നീട് വന്ന ഇടതു സർക്കാർ നിർമാണം പൂർത്തിയാക്കിയ വീടിെൻറ താക്കോൽ കുടുംബങ്ങൾക്ക് കൈമാറി. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും പലവീടുകളുടെയും നിർമാണം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
കൂടാതെ വീടുകൾ പണിയാതെ പലരുടെയും പേരിലുള്ള സ്ഥലം ഒഴിഞ്ഞുകിടക്കുകയാണ്. വീടുകളിൽ താമസിക്കുന്നവരിൽ പലരും വാടകക്കാരാണ്. മൂന്നാമത്തെ സൈറ്റിൽ മാത്രം ഏഴോളം പ്ലോട്ടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. നാലാമത്തെ സൈറ്റിൽ നാലോളം വീടുകളുടെ നിർമാണം പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. താമസിക്കുന്നവരിൽ പലരും മാസം 5000 രൂപവരെ വാടക നൽകുന്നവരുണ്ട്.
സർക്കാർ നൽകിയിട്ടുള്ള രൂപരേഖയിൽ വേണം വീട് നിർമിക്കാൻ. എന്നാൽ, ഈ രൂപരേഖപ്രകാരം മൂന്ന് ലക്ഷം രൂപയിൽ കെട്ടിടം പൂർത്തിയാക്കാനാകില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
സ്വന്തമായി മറ്റ് കിടപ്പാടമുള്ളവരാണ് സർക്കാർ അനുവദിച്ച വീടുകൾ വാടകക്ക് നൽകിയത്. കിടക്കാനിടമില്ലാതെ മത്സ്യത്തൊഴിലാളി കുടുംബം ഫിഷ് ലാൻഡ് സെൻററിൽ അഭയം തേടുമ്പോൾ ദുരിതബാധിതർക്കുള്ള സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് പലരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.