കുണ്ടറ (കൊല്ലം): വൈദ്യുതി പോസ്റ്റ് മധ്യഭാഗത്ത് നിലനിർത്തി കിഫ്ബി ധനസഹായത്തോടെ റോഡ് നിർമിച്ച സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി. റോഡ് നിർമാണം നടക്കുമ്പോൾ പോസ്റ്റ് വഴിയരികിലേക്ക് മാറ്റേണ്ടത് വികസനം നടത്തുന്നവരുടെ ചുമതലയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. നാടൊട്ടാകെ റോഡ് വികസനം നടക്കുന്നുണ്ട്. പലപ്പോഴും ഒരിടത്ത് വർഷങ്ങളായി സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് പോസ്റ്റ് ഇളക്കി എടുക്കുമ്പോൾ പൊട്ടി പോകാറുണ്ട്. കണ്ടക്ടറും മറ്റ് വസ്തുക്കളും വേണ്ടിവരും. ഈ നഷ്ടമെല്ലാം കെ.എസ്.ഇ.ബിക്ക് വഹിക്കാൻ കഴിയില്ല.
നിയമപരമായി റോഡ് വികസനം നടത്തുന്ന ഏജൻസിയുടെ കടമയാണ് പോസ്റ്റുകൾ നീക്കിയിടുന്നതിന്‍റെ ചെലവ് വഹിക്കുക എന്നത്. അവരുടെ എസ്റ്റിമേറ്റിലും അത് ഉൾക്കൊള്ളിച്ചിട്ടുണ്ടാകും. ആ പണം ബോർഡിലടക്കാൻ ബന്ധപ്പെട്ട ഏജൻസികളോട് നാട്ടുകാരും ആവശ്യപ്പെടേണ്ടതാണ് -കെ.എസ്.ഇ.ബി വ്യക്തമാക്കി.
മൺറോതുരുത്ത് പഞ്ചായത്തിലാണ് വിചിത്ര രീതിയിൽ റോഡ് നിർമിച്ചിട്ടുള്ളത്. കനറാ ബാങ്ക്-പേഴുംതുരുത്ത് റോഡിൽ എസ്. വളവിന് 200 മീറ്റർ അടുത്താണ് അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിലെ റോഡ് നിർമാണം. എന്നാൽ, അപകടം ഒഴിവാക്കാൻ പോസ്റ്റിൽ റിഫ്ലക്ടർ െവക്കുമെന്ന വിചിത്ര ന്യായം പറഞ്ഞ് കൈയൊഴിയുകയാണ് ഉദ്യോഗസ്ഥർ.
ആറ് മാസങ്ങൾക്ക് മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂടുമ്പോൾ പാതയോരത്തായിരുന്ന പോസ്റ്റ് പാതക്കുള്ളിലേക്ക് വരുമെന്ന് സാധാരണക്കാരന് പോലും മനസ്സിലാകും. വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ വൈദ്യുതി ബോർഡ് 90,000 രൂപയുടെ എസ്റ്റിമേറ്റും കിഫ്ബിക്ക് നൽകിയിരുന്നു.
കാലമിത്രയുമായിട്ടും പണി തുടങ്ങുന്നതിന് മുമ്പ് വൈദ്യുതിക്കാൽ മാറ്റുക എന്ന പ്രാഥമിക നടപടി എങ്ങുമെത്തിയില്ല. പണി വൈകിക്കേണ്ട എന്ന വിചിത്രന്യായമാണ് ടാറിങ്ങിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നത്.
പണി തീർന്ന റോഡ് വീണ്ടും കുഴിച്ച് പോസ്റ്റ് മാറ്റുമ്പോൾ ആ ഭാഗം തകർന്ന് കിടക്കും. ഇത് ആര് നന്നാക്കും എന്നത് കണ്ടറിയണം. രാത്രികാലങ്ങളിൽ വലിയ അപകടത്തിന് വഴിെവക്കുന്നതാണ് പോസ്റ്റിെൻറ ഇപ്പോഴത്തെ സ്ഥിതി. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതും സാമാന്യബുദ്ധി ഉപയോഗിക്കാത്ത ഉദ്യോഗസ്ഥരും വരുത്തിവെക്കുന്ന വിനക്ക് യാത്രക്കാരാണ് പിഴ നൽകേണ്ടിവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.